Kasaragod Kidnapping: മലയാളം പറയുന്ന മെലിഞ്ഞൊരാൾ, 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചിൽ
ബുധനാഴ്ച പുലര്‍ച്ചെ 3-നാണ് സംഭവം. . വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി കട്ടിലിൽ നിന്നും എടുത്തു കൊണ്ട് പോയത്
കാസര്‍കോട്: വീട്ടിൽ ഉറങ്ങി കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്. പ്രാഥമിക വിവരങ്ങളും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ മലയാളം സംസാരിക്കുന്ന മെലിഞ്ഞായാളാണെന്നാണ് നിഗമനം. വിവിധ സംഘങ്ങളായി തിരഞ്ഞാണ് പോലീസിൻറെ അന്വേഷണം.
ബുധനാഴ്ച പുലര്‍ച്ചെ 3-നാണ് സംഭവം. . വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി കട്ടിലിൽ നിന്നും എടുത്തു കൊണ്ട് പോയത്. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്ന സമയമാണിത്. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയിരുന്നു.
വീടിൻറെ മുൻവാതിൽ തുറന്നത് വഴിയാകാം പ്രതി അകത്ത് കയറിയതെന്നാണ് നിഗമനം. അടുക്കള വഴി പുറത്തിറങ്ങിയ പ്രതി കുട്ടിയുടെ വീട്ടിൽ നിന്നും 500 മീറ്റര്‍ അകലെയെത്തിച്ചാണ് കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചത്. പിന്നീട് കുട്ടിയുടെ സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞു.
മോഷണമാകാം ലക്ഷ്യമെന്ന് ആദ്യം കരുതിയെങ്കിലും വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വ്യക്തമായത്. വീടും സ്ഥലവും അറിയുന്ന ആളാകാം പ്രതിയെന്നാണ് സംശയം. സിസിടീവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.