Premam Bridge : നവകേരള സദസിലെ പരാതിയിൽ നടപടിയായി; ആലുവയിലെ പ്രേമം പാലത്തിന് പൂട്ടിട്ട് അധികൃതർ
Premam Bridge Closed Permenantly : നിവിൻ പോളിയുടെ പ്രേമം എന്ന സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലം അടച്ചുപൂട്ടി. സമീപവാസികളുടെ പരാതിയെ തുടർന്നാണ് ആലുവ നീർപ്പാലം അടച്ചുപൂട്ടിയിരിക്കുന്നത്. ഇത് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ടിൻ്റു രാജേഷ് നവകേരള സദസിൽ പരാതിനൽകിയിരുന്നു.
ഒടുവിൽ ആലുവയിലെ പ്രേമം പാലത്തിന് പൂട്ട് വീണു. പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ നീർപ്പാലം അധികൃതർ വകുപ്പ് അടച്ചുപൂട്ടി. കമിതാക്കളുടെയും ലഹരിമരുന്ന് വില്പനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ് പാലമെന്നും ഇത് അടച്ചുപൂട്ടണമെന്നും വാർഡ് കൗൺസിലർ ടിൻ്റു രാജേഷ് നവകേരള സദസിൽ പരാതിനൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
നഗരസഭാ കൗൺസിലിലും ടിൻ്റു രാജേഷ് വിഷയം അവതരിപ്പിച്ചിരുന്നു. പെരിയാർവാലി നഗരസഭയും പാലം അടയ്ക്കണമെന്ന നിലപാടെടുത്തു. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിൻ്റെ ഇരുവശവും ജനവാസമേഖലയാണ്. പാലത്തിലെ ലഹരി ഉപയോഗം കാരണം ആളുകൾക്ക് സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതി ആയിരുന്നു. പാലത്തിൽ പലവട്ടം കഞ്ചാവ് കച്ചവടക്കാർ തമ്മിൽ സംഘർഷമുവുന്നത് പതിവായിരുന്നു. ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഇവർ കൈയേറ്റം ചെയ്തു. സന്ധ്യയായാൽ വാഹനങ്ങളിലും മറ്റും പാലത്തിലെത്തുന്നവർ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും പ്രദേശവാസികൾക്ക് ശല്യമായി. പരാതികൾ ഏറിയതോടെ പാലം അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
പാലത്തിൻ്റെ ഇരുവശങ്ങളിലും മധ്യഭാഗത്തെ രണ്ട് പ്രവേശന കവാടങ്ങളിലുമായി നാല് ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചാണ് വഴിയടച്ചത്. ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം കൃഷിയാവശ്യത്തിനായി പറവൂരിലേക്ക് കൊണ്ടുപോകാനായി നിർമിച്ച പാലമാണിത്. 45 വർഷത്തോളമാണ് പാലത്തിൻ്റെ പഴക്കം.
ആലുവ മാർക്കറ്റിന് പിന്നിൽ പെരിയാറിന് മുകളിലൂടെ ഉളിയന്നൂർ കടവിൽ നിന്നാണ് പാലം ആരംഭിക്കുന്നത്. പിന്നീട് കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന, 2.2 കിലോമീറ്റർ നീളമുള്ള നീർപാലം .ആലുവ യുസി കോളജിന് സമീപം അവസാനിക്കും. കൃഷി ആവശ്യത്തിനായി നിർമിച്ചതാണെങ്കിലും പിന്നീട് ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപിലേക്കുള്ള വാഹന സൗകര്യത്തിനായി ചില മാറ്റങ്ങൾ വരുത്തി പാലത്തിലൂടെ ഗതാഗതം ആരംഭിച്ചു. വർഷങ്ങൾക്കുശേഷം പെരിയാറിന് കുറുകെ ഉളിയന്നൂരിൽ പുതിയ പാലം നിർമിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞു.
പിന്നീട് അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി 2015ൽ പ്രേമം എന്ന സിനിമ പുറത്തിറങ്ങിയതോടെ പാലത്തിന് ആരാധകരായി. പാലം കാണാൻ പല സ്ഥലങ്ങളിൽ നിന്നും ആളുകളെത്തി. പിന്നീട് ഈ പാലം കമിതാക്കളുടെയും ലഹരി സംഘങ്ങളുടെയും താവളമാവുകയായിരുന്നു. ഇതോടെയാണ് പാലം അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചത്. പാലം ആരംഭിക്കുന്ന ഉളിയന്നൂർ കടവ് ഭാഗത്തും അവസാനിക്കുന്ന യുസി കോളജ് ഭാഗത്തും തോട്ടക്കാട്ടുകരയിലെ പ്രവേശന സ്ഥലത്തുമാണ് ഗേറ്റുകൾ സ്ഥാപിച്ചത്.