ADM Naveen Babu Death : ‘നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്; കോടതിയിൽ നിരപരാധിത്വം തെളിയിക്കും’; ജയിൽ മോചിതയായി പി.പി.ദിവ്യ
PP Divya: സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകർപ്പിലുള്ളത്.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജയിൽമോചിതയായി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ദിവ്യ പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ദിവ്യ നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും രണ്ട് വർഷമായി പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടെന്നും മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും ദിവ്യ പറഞ്ഞു. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഒരുപാട് ഉദ്യോഗസ്ഥരുമായിട്ടും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽപെട്ട മറ്റു പ്രതിനിധികളുമായിട്ടൊക്കെ സഹകരിച്ചു പോരുന്ന ഒരാളാണ് താൻ. താൻ ഇപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ തൻ്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ ദിവ്യ വീട്ടിലേക്ക് മടങ്ങി.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകർപ്പിലുള്ളത്. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു.
കഴിഞ്ഞ മാസം 15നാണ് എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദിവ്യയുടെ ആരോപണം.
അതേസമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.