Next Pope: ഒരു മലയാളി മാർപാപ്പ ഉണ്ടാകുമോ? സാധ്യത തള്ളിക്കളയാനാവില്ല, കാരണമിത്
Possibility of a Malayali Pope: കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ഏഴിൽ നാലുപേരും കേരളത്തിൽ നിന്നുള്ളവരാണ്. ഭാവിയിൽ ഒരു മലയാളി പോപ്പിനെ കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് ചില കാരണങ്ങളുണ്ട്, അവ പരിശോധിക്കാം.

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ആഗോള കത്തോലിക്കാ സഭയെ പല വിപ്ലവകരമായ മാറ്റങ്ങളിലേക്കും നയിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 1200 വർഷത്തിനിടയിലെ യൂറോപ്യൻ അല്ലാത്ത ആദ്യത്തെ പോപ്പ്, കത്തോലിക്കാ സഭയുടെ തലവനായ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ, ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് തുടങ്ങിയ പ്രത്യേകതകളും അദ്ദേഹത്തിനുണ്ട്.
മെയ് രണ്ടാം വാരത്തോടെ മാർപാപ്പയുടെ പിൻഗാമിയെ അറിയാൻ സാധിക്കും. 252 അംഗ കാർഡിനൽ കൊളീജിയത്തിൽ ഇപ്പോഴും ആധിപത്യം യൂറോപ്പിന് തന്നെയാണ്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 136 പേർ യൂറോപ്പിൽ നിന്നുണ്ട്. രണ്ടാം സ്ഥാനത്ത് ഏഷ്യയാണ്. 37 കർദ്ദിനാൾമാരാണ് ഏഷ്യയിൽ നിന്നുള്ളത്. അതിൽ 24 പേർ മാത്രമാണ് ഇലക്ടറുകൾ. 18 കർദ്ദിനാൾമാരിൽ 11 ഇലക്ടറൽമാരുമായി ആഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. ലാറ്റിൻ അമേരിക്കയിലെ 17 കർദ്ദിനാൾമാരിൽ 15 പേരാണ് ഇലക്ടറൽമാർ.
ഏഷ്യൻ പോപ്പ്
ഇത്തവണ ഏഷ്യയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ ഒരു പോപ്പെന്ന സാധ്യത തള്ളിക്കളയാനാവില്ല. 18 രാജ്യങ്ങളിൽ നിന്നുള്ള 37 കർദ്ദിനാൾമാരാണ് ഏഷ്യയിൽ ഉള്ളത്. അതിൽ ആറ് പേർ ഇന്ത്യയിലാണ്. അവരിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണ്. സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് എമറിറ്റസ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി (80), സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് തോട്ടുങ്കൽ (65), വത്തിക്കാൻ ആസ്ഥാനമായുള്ള ഡിക്കാസ്റ്ററി ഫോർ ഇന്റർറിലീജിയസ് ഡയലോഗിന്റെ പ്രിഫെക്റ്റ് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് (51) എന്നിവരാണ് മലയാളികളായ കർദ്ദിനാൾമാർ.
ALSO READ: പുതിയ മാർപാപ്പ ആരാകും? വോട്ട് ചെയ്യാൻ അർഹതയുള്ള നാല് ഇന്ത്യൻ കർദ്ദിനാൾമാർ ഇവരാണ്…
മുംബൈ ആർച്ച്ബിഷപ്പ് ഓസ്വാൾഡ് ഗാർസിയ (80), ഗോവ ആർച്ച്ബിഷപ്പ് ഫിലിപ്പ് നെറി അന്റോണിയോ സെബാസ്റ്റ്യാനോ ഡോ റൊസാരിയോ ഫെറാരോ (72), ആദ്യത്തെ ഇന്ത്യൻ ദളിത് കർദ്ദിനാളായി ചരിത്രം സൃഷ്ടിച്ച ഡാമൻ, ഹൈദരാബാദ് ആർച്ച്ബിഷപ്പ് ആന്റണി പൂള (63) എന്നിവരാണ് മറ്റ് മൂന്ന് ഇന്ത്യൻ കർദ്ദിനാൾമാർ. മൂവരും ലാറ്റിൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവരാണ്. കേരളത്തിൽ നിന്നുള്ളവർ സിറോ മലബാർ സഭയിൽപ്പെട്ടവരാണ്. എന്നിരുന്നാലും, ആലഞ്ചേരിക്കും ഗാർസിയയ്ക്കും 80 വയസ്സ് തികഞ്ഞതിനാൽ, ഇന്ത്യൻ കർദ്ദിനാൾമാരിൽ നാല് പേർക്ക് മാത്രമേ വോട്ടവകാശം ഉള്ളൂ.
നിലവിലെ ഏഷ്യൻ കർദ്ദിനാൾമാരിൽ ഇന്ത്യക്കാരാണ് ഭൂരിപക്ഷമെങ്കിലും, പോപ്പെന്ന പദവി ഒരു ഏഷ്യക്കാരന്റെ മേൽ പതിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ സാധ്യത ഫിലിപ്പീൻസിലെ ലൂയിസ് അന്റോണിയോ ടാഗൽ (68) ആണ്. ഫ്രാൻസിസ് മാർപ്പാപ്പയുമായി വളരെ അടുപ്പമുള്ളയാളായിരുന്നു ടാഗൽ. ‘ഏഷ്യൻ ഫ്രാൻസിസ്’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
മലയാളി പോപ്പ്
ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹങ്ങളിലൊന്നാണ് ഇന്ത്യയിലേത്. ഏകദേശം 23 ദശലക്ഷം അംഗങ്ങളാണിവിടെ ഉള്ളത്. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ഏഴിൽ നാലുപേരും കേരളത്തിൽ നിന്നുള്ളവരാണ്. ഫ്രാൻസിസ് മാർപാപ്പയുടെ കാലത്താണ് അവരെയെല്ലാം വിശുദ്ധരായി ഉയർത്തിയത്. കാനോനൈസേഷൻ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുള്ള നിരവധി പേർ സംസ്ഥാനത്ത് നിന്ന് ഉണ്ട്.
കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്
ഭാവിയിൽ ഒരു മലയാളി പോപ്പിനെ കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാടാണ് അതിൽ പ്രധാനി. 1973 ഓഗസ്റ്റ് 11 ന് കേരളത്തിലെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴയിലാണ് ജോർജ് കൂവക്കാട് ജനിച്ചത്. ഫ്രാൻസിസ് മാർപാപ്പ നേരിട്ട് കർദ്ദിനാളായി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരനാണ് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ഇപ്പോൾ വത്തിക്കാന്റെ പരമോന്നത തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണദ്ദേഹം. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കർദ്ദിനാൾമാരുടെ കോൺക്ലേവ് നടത്തുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകാനുള്ള ചുമതലയും അദ്ദേഹത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്.