പോലീസുകാർക്കെന്താ ഓണമില്ലേ? ഉണ്ട്, ഇത്തവണ പോലീസുകാർക്ക് വീട്ടിൽ ഓണമാഘോഷിക്കാം
Policemen can celebrate Onam: വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പോലീസുകാർക്കിടയിൽ പണ്ടേ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് എത്തിയത്.
തിരുവനന്തപുരം : പോലീസുകാർക്കെന്താ.. വീടില്ലേ.. ഓണമില്ലേ… പരാതിയും പരിഭവവും ഇനി വേണ്ട, ഇത്തവണ സംസ്ഥാനത്തെ എല്ലാ പോലീസുകാർക്കും വീട്ടിൽ നിന്ന് ഓണമുണ്ണാം. ഡി ജി പി ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് ഉത്തരവിൽ ഉള്ളത്.
ഇതിനായി ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകുന്ന ഉത്തരവ് പുറത്തു വന്നതോടെ ആശ്വസിക്കുകയാണ് പോലീസുകാരും ഒപ്പം അവരുടെ വീട്ടുകാരും. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പോലീസുകാർക്കിടയിൽ പണ്ടേ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് എത്തിയത്.
ALSO READ – നിയോജകമണ്ഡല തലത്തിൽ സപ്ലൈക്കോ ഓണം ഫെയറുകൾ ഇന്ന് മുതൽ; സാധനങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവ്
പോലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടുത്ത കാലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ വിഷയം അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പോലും ചർച്ചയായി.
കഴിഞ്ഞ 7 വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ മാനസിക സമ്മർദത്തിനു ചികിത്സ തേടിയെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറംലോകം അറിഞ്ഞത്.
5 വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തു എന്ന ഞെട്ടിക്കുന്ന വിവരം കൂടി ഇതിനു പിന്നാലെ എത്തിയതോടെയാണ് വിഷയത്തിന് വലിയ ശ്രദ്ധ കിട്ടിയത്. അതിനിടെ ഓണം ഇങ്ങെത്തി.
തിരുവോണത്തിന് ഇനി നാലു ദിവസം അവശേഷിക്കുമ്പോഴാണ് ഡി ജി പി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പോലീസുകാർക്ക് വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും വിവരമുണ്ട്.