Alappuzha ASI Suspension: വധശ്രമക്കേസ് പ്രതിക്കൊപ്പം ഉല്ലാസയാത്ര; എഎസ്ഐ-ക്ക് സസ്പെൻഷൻ
Alappuzha ASI Suspension For Going Excursion With Accused: പതിനൊന്ന് വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ വധശ്രമ കേസ് പ്രതികളുമായി വിനോദയാത്ര നടത്തി എഎസ്ഐ. സംഭവത്തിന്റെ വീഡിയോകൾ വൈറൽ ആയതോടെ അധികൃതർ നടപടി എടുത്തു.
വധശ്രമകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം വിനോദയാത്രയ്ക്ക് പോയ എഎസ്ഐയെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ എആർ ക്യാംപ് എഎസ്ഐ ശ്രീനിവാസനെ ആണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
11 വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നടന്ന കൊലപാതക ശ്രമത്തിൽ ജാമ്യം നേടിയ മൂന്നാം പ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് എഎസ്ഐ ഉല്ലാസയാത്ര നടത്തിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. ആലപ്പുഴയിലെ ഒരു വീട്ടിലും ജില്ലയ്ക്ക് പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലുമായി പ്രതികൾക്കൊപ്പം ആഘോഷത്തിൽ ഏർപ്പെട്ട എഎസ്ഐയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വധശ്രമ കേസിൽ പതിനൊന്ന് വർഷമായി ജയിലിൽ ആയിരുന്ന പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനെ തുടർന്നായിരുന്നു ആഘോഷം.
ALSO READ: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം
സംഭവത്തിൽ എഎസ്ഐയുടെ മൊഴി എടുത്ത്, ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി വിട്ടയച്ചിരുന്നു. അതിനു പിന്നാലെയാണ് ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും വൈറൽ ആയത്. ഇതോടെയാണ് എഎസ്ഐയെ സസ്‌പെൻഡ് ചെയ്തത്.