Police Rescue: പ്രണയനൈരാശ്യം, ഫെയ്സ്ബുക്ക് ലൈവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; രക്ഷകരായി പൊലീസ്
Police Rescue: ഫെയ്സ്ബുക്കിൽ ലൈവ് നൽകിയശേഷം കുറ്റിപ്പുറം റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാനായിരുന്നു യുവാവിന്റെ ശ്രമം. സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സ്ഥലത്ത് എത്തി.

പ്രണയനൈരാശ്യത്താൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ. കാലടി സ്വദേശിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ കുറ്റിപ്പുറം എസ് ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്.
ഫെയ്സ്ബുക്കിൽ ലൈവ് നൽകിയശേഷം കുറ്റിപ്പുറം റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാൽ വിവരമറിഞ്ഞ പൊലീസ് യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. പൊന്നാനി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തുകയും ഉടൻ സ്ഥലത്തെത്തുകയും ചെയ്തു.
എന്നാൽ പൊലീസ് സംഘം എത്തുമ്പോഴേക്കും യുവാവ് റെയിൽവേ ട്രാക്കിന്റെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. തുടർന്ന് എസ്ഐ യുവാവിന്റെ ഫോൺ നമ്പറിലേക്ക് വിളിക്കുകയും യുവാവിനോട് സംസാരിക്കുകയും ചെയ്തു. ശേഷം യുവാവിനെ കണ്ടെത്തി കൗൺസിലിങ്ങ് നൽകി. ഏറെനേരം നീണ്ട പൊലീസുകാരുടെ കൗൺസിലിങ്ങിലാണ് യുവാവ് തീരുമാനം മാറ്റിയത്.