Ettumanoor Shiny Death: ‘ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം’; ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്ന് പോലീസ്
Kottayam Ettumanoor Shiny Daughters Death:'നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ' എന്നാണ് നോബി വിളിച്ച് പറഞ്ഞത്.

മരിച്ച അലീന, ഇവാന, ഷൈനി നോബി ലൂക്കോസ്
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത് എന്നാണ് കോടതിയിൽ പോലീസിന്റെ വാദം. സംഭവം നടക്കുന്നതിനു തലേ ദിവസം നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും കൂട്ട ആത്മഹത്യക്ക് കാരണം ഈ ഫോൺ വിളിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
കൂട്ട ആത്മഹത്യ നടക്കുന്നതിന്റെ തലേദിവസം രാത്രി പത്തരയോടെയാണ് നോബി ഷൈനിയുടെ ഫോണിൽ വിളിച്ചത്. വാട്സ് ആപ്പിൽ വിളിച്ച് നോബി ഭീഷണിപ്പെടുത്തുകയായിരുന്നു. ‘നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’ എന്നാണ് നോബി വിളിച്ച് പറഞ്ഞത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.
നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പോലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ വർഷം നോബിക്കെതിരെ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. ഇതിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവർ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില് പുലര്‍ച്ചെയായിരുന്നു സംഭവം. റെയിൽവേ പാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. ഷൈനിയെ ചേർത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.