Crime News: സ്വത്ത് തര്‍ക്കം; ദുബായില്‍ നിന്നെത്തിയ അന്ന് തന്നെ മകന്റെ മര്‍ദ്ദനം; ബാലുശേരിയില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്
Kozhikode Balussery Case: സഹോദരന്‍ അമ്മയെ മര്‍ദ്ദിച്ചത് സ്വത്ത് തര്‍ക്കം മൂലമാണെന്നും, കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും രതിയുടെ മകള്‍ പറഞ്ഞു. രതിയുടെ മുഖത്തടിച്ചെന്നും, കഴുത്തിന് കുത്തിപിടിച്ചെന്നും മകള്‍

കോഴിക്കോട്: ബാലുശേരിയില്‍ മകന്റെ മര്‍ദ്ദനത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കണ്ണാടിപ്പൊയില്‍ സ്വദേശിനി രതി(55)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. മകന്‍ രബിനെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്ന ഉടന്‍ രതിയെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സഹോദരന്‍ അമ്മയെ മര്‍ദ്ദിച്ചത് സ്വത്ത് തര്‍ക്കം മൂലമാണെന്നും, കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും രതിയുടെ മകള്‍ പറഞ്ഞു. രതിയുടെ മുഖത്തടിച്ചെന്നും, കഴുത്തിന് കുത്തിപിടിച്ചെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. ദുബായില്‍ നിന്ന് ലീവിന് എത്തിയ അന്ന് തന്നെയാണ് മകന്‍ അമ്മയെ മര്‍ദ്ദിച്ചത്.




ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഭർത്താവിനും മകന്റെ ഭാര്യക്കും ആക്രമണത്തിൽ പങ്കുണ്ടെന്ന് രതി ആരോപിച്ചു. സ്വത്തുക്കള്‍ തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് മകന്‍ രതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രതി വിസമ്മതിച്ചതോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ആക്രോശിച്ചാണ് മര്‍ദ്ദിച്ചതെന്നും രതി ആരോപിച്ചു.