Newborn Baby Handover: നവജാത ശിശുവിനെ അനധികൃതമായി കൈമാറി; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്
Newborn Baby Handover: കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ വന്ന ആരോഗ്യപ്രവർത്തകരാണ് കുട്ടി ഇല്ലാത്ത കാര്യം അറിയുന്നത്. ഉടനെ അവർ പൊലീസിനെ വിവരം അറിയിച്ചു. പണം വാങ്ങിച്ചിട്ടല്ല കുട്ടിയെ നൽകിയതെന്നാണ് അമ്മ പോലീസിനോട് വ്യക്തമായിട്ടുള്ളത്.

കൊച്ചി: നവജാത ശിശുവിനെ അനധികൃതമായി കൈമാറിയതിന് അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. തൃപ്പൂണിത്തുറയിലാണ് സംഭവം. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്.
ബന്ധു വഴിയാണ് കുഞ്ഞിനെ കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയത്. ആരോഗ്യ പ്രവർത്തകർ വഴിയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തിങ്കളാഴ്ച തന്നെ കുട്ടിയെ തിരികെ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ പതിനഞ്ചിനാണ് തിരുവാണിയൂർ സ്വദേശിയായ യുവതി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. എന്നാൽ ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ പ്രസവിച്ച ആൺകുട്ടിയെ അനധികൃതമായി മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ വന്ന ആരോഗ്യപ്രവർത്തകരാണ് കുട്ടി ഇല്ലാത്ത കാര്യം അറിയുന്നത്. ഉടനെ അവർ പൊലീസിനെ വിവരം അറിയിച്ചു. പണം വാങ്ങിച്ചിട്ടല്ല കുട്ടിയെ നൽകിയതെന്നാണ് അമ്മ പോലീസിനോട് വ്യക്തമായിട്ടുള്ളത്. നിർധന കുടുംബമാണെന്നും ഭർത്താവ് നോക്കാത്തതിനാൽ അകന്ന ബന്ധുവിന് കുഞ്ഞിനെ കൈമാറിയെന്നുമാണ് അവർ പറഞ്ഞത്.
അതേസമയം യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് ഗർഭിണിയാവുകയും മാസങ്ങൾക്ക് ശേഷം യുവാവ് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ തിരികെ ഭർത്താവിന്റെ വീട്ടിൽ എത്തിയ യുവതിയെ സ്വീകരിക്കാൻ തയ്യാറായെങ്കിലും കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ബന്ധു മുഖേന കോയമ്പത്തൂർ സ്വദേശിക്ക് കുട്ടിയെ നൽകിയതെന്നാണ് വിവരം.