തീറ്റിപ്പോറ്റി കാവലിരുന്നത് വെറുതെയായില്ല; കള്ളൻ വിഴുങ്ങിയ മാല പുറത്തെത്തി
Police Recollect Swallowed Chain From Thief: കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34) മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇത് കണ്ട മുത്തശ്ശി ബഹളം വച്ചു.

പാലക്കാട്: പാലക്കാട് ആലത്തൂരിൽ മാല വിഴുങ്ങിയ കള്ളനിൽ നിന്നും തൊണ്ടിമുതൽ കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് ദിവസമായി ഇത് പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ആലത്തൂർ സറ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ. ഇതിനായി കള്ളനെ തീറ്റിപ്പോറ്റി കാവലിരിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ മാല ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34) മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇത് കണ്ട മുത്തശ്ശി ബഹളം വച്ചു. ഇതോട നാട്ടുകാര്‍ ചേർന്ന് ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. തുടർന്ന് മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയായിരുന്നു മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചത്. ദഹിക്കുന്നവസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് താഴേക്ക് ഇറങ്ങിവരുമെന്നായിരുന്നു പോലീസ് പ്രതീക്ഷിച്ചത്. ഇതിനായി പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കി. ഒടുവിലാണ് മാല ലഭിച്ചത്. നാളെ രാവിലെ കള്ളനെ തൊണ്ടിമുതലുമായി കോടതിയില്‍ ഹാജരാക്കി ബാക്കി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.