Emergency Services Number: പോലീസ്, ഫയർ, ആംബുലൻസ്…. എല്ലാ ഒറ്റ നമ്പറിൽ; ഇനി വിളിക്കേണ്ടത് ഈ നമ്പറിൽ
112 Emergency Service Number: അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇആർഎസ്എസ് (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായി പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്കും മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം: പല നമ്പറുകൾ ഓർത്തിരിക്കാൻ എല്ലാവർക്കും അല്പം പ്രയാസമാണ്. അടിയന്തര സർവീസുകളുടെ കാര്യമാകുമ്പോൾ എല്ലാം നമ്പറുകളും ഓർത്തിരിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യഘട്ടങ്ങളിൽ പോലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങൾക്ക് ഏത് നമ്പറിൽ വിളിക്കും എന്ന ആശങ്ക ഇനിമുതൽ വേണ്ട. കാരണം ഇനി ഇത്തരം സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാണ്. 112 എന്ന നമ്പറിൽ വിളിച്ചാൽ അടിയന്തര സേവനങ്ങൾ എല്ലാം ലഭിക്കുന്നതാണ്.
കേരള പോലീസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇആർഎസ്എസ് (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായി പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്കും മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ ഏത് ജില്ലയിൽ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാണ് കാൾ എത്തുക.
കൺട്രോൾ റൂം ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് കൈമാറുന്നു. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയാണെന്നത് കൺട്രോൾ റൂമിലുള്ളവർക്ക് അറിയാൻ സാധിക്കുന്നതാണ്. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് ശേഖരിച്ച വിവരങ്ങളടങ്ങിയ സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാനാകും. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം ലഭ്യമാകുന്നതാണ്.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112ലേയ്ക്ക് വിളിക്കാവുന്നതാണ്. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം ലഭ്യമാകുന്നതാണ്. അടിയന്തര സഹായങ്ങൾക്ക് വേണ്ടി മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താവൂ എന്നും പോലീസിൻ്റെ നിർദ്ദേശത്തിൽ പറയുന്നു.