Crime News: ആദ്യം നഗ്നനാക്കി റീൽ ചിത്രീകരിച്ചു; സഹപാഠികൾ വീണ്ടും ദേഹത്ത് പിടിച്ചപ്പോൾ ടീച്ചറെ അറിയിച്ചു; റിപ്പോർട്ട് കൈമാറി പോലീസ്
Student Stripped By Friends Police Report: സഹപാഠിയെ നഗ്നനാക്കി റീൽ ചിത്രീകരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി പോലീസ്. ഈ മാസം 10ന് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത സഹപാഠിയെ നഗ്നനാക്കി റീൽ ചിത്രീകരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി പോലീസ്. വിദ്യാർത്ഥിയുടെ പിതാവിൻ്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. തെലുങ്ക് സിനിമ അനുകരിച്ച് ഏഴ് വിദ്യാർത്ഥികളാണ് ക്ലാസ് മുറിയിൽ വച്ച് സഹപാഠിയെ നഗ്നനാക്കി റീൽ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
കോട്ടയം പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ ഈ മാസം 10ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഈയിടെ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിൽ നായകനെ നഗ്നനാക്കുന്ന സീൻ ഉണ്ടായിരുന്നു. ഇതനുകരിച്ച് റീൽ ചിത്രീകരിക്കാനാണ് സഹപാഠിയെ നഗ്നനാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു എന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. ഇക്കാര്യം മാതാപിതാക്കളെയോ അധ്യാപകരെയോ വിദ്യാർത്ഥി അറിയിച്ചിരുന്നില്ല. എന്നാൽ, ഈ മാസം 16ന് സഹപാഠികൾ ദേഹത്ത് പിടിച്ചതോടെ വിദ്യാർത്ഥി വിവരം ക്ലാസ് അധ്യാപികയോട് പറയുകയായിരുന്നു. ഇതോടെയാണ് റീൽ ചിത്രീകരിച്ച സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പിതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ആക്രമണത്തിനിരയായ വിദ്യാർത്ഥികളുടെയും ആരോപണവിധേയരായ വിദ്യാർത്ഥികളുടെയും ഇവരുടെ രക്ഷിതാക്കളുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി. സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണമാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായെന്ന് ആക്രമിക്കപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഈ റീൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറോട് വിശദീകരണം തേടി.
അതേസമയം, വിദ്യാർത്ഥി ക്ലാസ് അധ്യാപികയോട് വിവരം പറഞ്ഞപ്പോൾ തന്നെ നിയമപരമായ നടപടികൾ സ്വീകരിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. ഉടൻ തന്നെ സ്റ്റാഫ് മീറ്റിങ് വിളിച്ചുചേർക്കുകയും അന്ന് ഉച്ചകഴിഞ്ഞ് ആക്രമണത്തിന് ഇരയായ കുട്ടിയുടെയും ആരോപണവിധേയരായ വിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും ഇക്കാര്യമറിയിച്ചു. പിന്നാലെ പോലീസിൽ പരാതിനൽകുകയും ചെയ്തു എന്നും സ്കൂൾ പറയുന്നു.
നൂർജഹാൻ വധക്കേസിൽ ശിക്ഷ
നൂര്‍ജഹാന്‍ വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. നൂര്‍ജഹാൻ്റെ ഭർത്താവായ ജിമ്മി ഗോവിന്ദന്‍ എന്ന മുഹമ്മദ് സിനാനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഒപ്പം രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക അടച്ചില്ലെങ്കിൽ നാല് മാസം അധിക കഠിന തടവ് അനുഭവിക്കണം. തുക ഇരയുടെ മകൾക്ക് നൽകണമെന്നും വിധിപ്പകർപ്പിലുണ്ട്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. നൂർജഹാനെ ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2017 ജനുവരി 29ന് രാത്രി 9.3ഓടെയായിരുന്നു കൊലപാതകം. ജിമ്മി ഗോവിന്ദനുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന നൂർജഹാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 17ന് മരണപ്പെട്ടു.