Rahul Mamkootathil MLA: പോലീസ് സ്‌റ്റേഷന്‍ ഉപരോധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തു
Police File Case Against MLA Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിനെ തുടർന്ന് വലിയ സംഘർഷമാണ് ഉടലെടുത്തത്.

പാലക്കാട്: പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെ കണ്ടാലറിയുന്ന 19 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വീഡിയോ ഉൾപ്പടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു നടപടി.
പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പ്രസംഗത്തിനിടെ പറഞ്ഞത്. നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ പേര് നൽകാനുള്ള നീക്കത്തെ രാഹുൽ എതിർത്തിരുന്നു. പദ്ധതിക്ക് ആർഎസ്എസ് നേതാവിന്റെ പേരിടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. അതിനിടെയാണ് നേതാക്കൾ വീണ്ടും ഭീഷണി മുഴക്കിയത്.
ഭീഷണി മുഴക്കിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഇത് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞതോടെ വലിയ സംഘർഷമാണ് ഉടലെടുത്തത്.
പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സൗത്ത് പോലീസ് സ്റ്റേഷനിൽ വെച്ചും എംഎൽഎയും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കൂടാതെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ കയ്യേറ്റം ചെയ്തു. ഇതിനെതിരെയാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.