Fake Tiger Video: കടുവയുടെ വ്യാജ വീഡിയോ; കള്ളം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു
Karuvarakkundu Fake Tiger Video: മലപ്പുറം കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിന്‍ ആര്‍ത്തല എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. പിന്നാലെ നിലമ്പൂര്‍ സൗത്ത് ഡിഎഫ് ധനിക് ലാലിന്റെ നേതൃത്വത്തില്‍ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നു എന്ന് ജെറിന്‍ അദ്ദേഹത്തോട് സമ്മതിച്ചു.

ജെറിന്‍
മലപ്പുറം: കരുവാരക്കുണ്ടില്‍ നിന്ന് കണ്ട കടുവയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ ആണ് അറസ്റ്റിലായത്. വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കരുവാരക്കുണ്ട് പോലീസിന്റെ നടപടി.
മലപ്പുറം കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിന്‍ ആര്‍ത്തല എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. പിന്നാലെ നിലമ്പൂര്‍ സൗത്ത് ഡിഎഫ് ധനിക് ലാലിന്റെ നേതൃത്വത്തില്‍ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നു എന്ന് ജെറിന്‍ അദ്ദേഹത്തോട് സമ്മതിച്ചു.
നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിനും ജെറിനെതിരെ കേസെടുക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിക്കാണ് താന്‍ കടുവയെ കണ്ടതെന്നാണ് ജെറിന്‍ പറഞ്ഞത്. ആര്‍ത്തല ചായത്തോട്ടത്തിനോട് ചേര്‍ന്ന് കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തിലെ വഴിയോട് ചേര്‍ന്നായിരുന്നു കടുവ കണ്ടതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
സുഹൃത്തിനോടൊപ്പം താന്‍ ജലത്തിന്റെ ആവശ്യത്തിനായി മലയിലേക്ക് പോകുകയായിരുന്നു. വന്യമൃഗ ശല്യമുള്ളതിനാല്‍ തന്നെ ജീപ്പിന്റെ ചില്ലുകള്‍ കവര്‍ ചെയ്തായിരുന്നു യാത്ര. കടുവയെ കണ്ടതിന് ശേഷം മിനിറ്റുകള്‍ക്കുള്ളിലാണ് വീഡിയോ എടുത്തത്. കടുവ ആക്രമിക്കില്ലെന്ന് മനസിലായതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് താഴ്ത്തി ദൃശ്യം പകര്‍ത്തുകയായിരുന്നു. കടുവയെ കണ്ട സ്ഥലത്ത് ആള്‍ താമസമില്ല. കടുവയെ തൊട്ടടുത്തലല്ല കണ്ടത്. ഫോണില്‍ സൂം ചെയ്‌തെടുത്ത ദൃശ്യങ്ങളാണിതെന്നും ജെറിന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ജെറിന്‍ പങ്കുവെച്ച വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായതോടെ വനം വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തി. മൂന്ന് വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് സംസംസാരിക്കുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു.
പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. മാത്രമല്ല, സിസിടിവിയിലും കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ വനംവകുപ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് ജെറിന്‍ സമ്മതിക്കുകയായിരുന്നു.