Poet Aadhi: പെണ്ണാണോ എന്ന ചോദ്യം നേരിടുന്ന, അമ്മയുടെ അടിപാവാട കഴുകുന്ന അച്ഛൻ- ചർച്ചയാവുന്ന ആദിയുടെ ‘പെണ്ണപ്പന്‍’
Pennappan Author Aadhi Real Life Story: എന്റെ മനുഷ്യര്‍ ഇപ്പോള്‍ മാത്രം ദൃശ്യത നേടിയവരാണ്. അല്ലെങ്കില്‍ അംഗീകാരം നേടികൊണ്ടിരിക്കുന്ന, ഇപ്പോഴും സമരം തുടരുന്ന മനുഷ്യരാണ്. എന്റെ ആദ്യത്തെ പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുതിയിട്ടുണ്ട് എന്റെ മനുഷ്യരാരും കവിത എഴുതിയിട്ടില്ല, അവരെല്ലാം ആത്മഹത്യാക്കുറിപ്പുകളാണ് എഴുതിയിട്ടുള്ളത്. ചിലയാളുകള്‍ക്ക് ആത്മഹത്യാക്കുറിപ്പ് പോലും എഴുതാന്‍ സാധിച്ചിട്ടില്ല.
ഒരാളെ കവിയായി രൂപപ്പെടുത്തുന്നത് അറിവും പാണ്ഡിത്യവും മാത്രമല്ല അയാളുടെ ജീവിത സാഹചര്യങ്ങള്‍ കൂടിയാണ്. ആദി തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത കവിത ഇനി വിദ്യാര്‍ഥികള്‍ പഠിക്കും. എംജി സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദത്തില്‍ എട്ടാം സെമസ്റ്ററിലെ ലിംഗപദവി പഠനം എന്ന ഭാഗത്തും കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിഎ മലയാളം ഭാഷയും സാഹിത്യവും ഓണേഴ്‌സില്‍ മലയാള കവിത പരിചയം എന്ന ഭാഗത്തുമാണ് ആദിയുടെ ‘പെണ്ണപ്പന്‍’ എന്ന കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീയൊക്കെ എന്തിനാ പഠിക്കാന്‍ വരുന്നതെന്ന് ചോദിച്ചവര്‍ തന്നെ ഇനി ആദിയുടെ കവിതകള്‍ പഠിപ്പിക്കും. ആദി ടിവി9 മലയാളത്തോട് സംസാരിക്കുന്നു…
എങ്ങനെ സ്വയം പരിചയപ്പെടുത്താനാണ് ആദി ആഗ്രഹിക്കുന്നത്?
ഞാനൊരു ക്വിയര്‍ എഴുത്തുകാരനാണ്, ഇപ്പോള്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുകയാണ്. എന്റെ പെണ്ണപ്പന്‍ എന്ന കവിതയാണ് ഇപ്പോള്‍ കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കവിത സിലബസിന്റെ ഭാഗമാവുക എന്നുപറയുമ്പോള്‍ തന്നെ അത് ജീവിതത്തില്‍ ഇതുവരെ നേരിട്ട എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി കൂടി ആകുന്നില്ലെ?
ഒരുപാട് സന്തോഷമുണ്ട് കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ സിലബസിന്റെ ഭാഗമായി എന്റെ കവിത തിരഞ്ഞെടുത്തതില്‍. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഒരു പാഠമായി എന്റെ കവിത മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മലയാള കവിതയുടെ ചരിത്രത്തിനകത്തേക്ക് ഒരിടം കിട്ടുക എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. കവിതയുടെയോ എഴുത്തിന്റേയോ പാരമ്പര്യമില്ലാതെ സ്വയം വഴിവെട്ടിവന്നയാളാണ് അതുകൊണ്ട് തന്നെ ഈയൊരു സ്പേസ് വളരെ വിലപ്പെട്ടതാണ്.
പെണ്ണപ്പന്‍ എന്ന കവിത മുന്നോട്ടുവെക്കുന്ന ആശയമെന്താണ്?
2020ലാണ് പെണ്ണപ്പന്‍ എന്ന കവിത എഴുതിയത്. അന്നത് സോഷ്യല്‍ മീഡിയ വഴിയാണ് ആളുകളിലേക്ക് പങ്കുവെച്ചത്. അന്ന് തന്നെ പെണ്ണപ്പന്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമെല്ലാം ഉണ്ടായിരുന്നു. 2022ല്‍ എന്റെ കവിതകളെല്ലാം ചേര്‍ത്ത് പുസ്തകമാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. പെണ്ണപ്പന്‍ എന്ന കവിതക്ക് കിട്ടിയ സ്വീകാര്യത കൊണ്ടുതന്നെയാണ് പുസ്തകത്തിന് പെണ്ണപ്പന്‍ എന്ന് പേര് നല്‍കിയത്. പെണ്ണപ്പന്‍ എന്ന കവിത സംസാരിക്കുന്നത് അച്ഛന്‍, അമ്മ, കുട്ടി എന്നിവരെ കുറിച്ചാണ്. കുട്ടിയുടെ കണ്ണിലൂടെ അച്ഛനെ നോക്കികാണുകയാണ് കവിതയില്‍. എന്റെ മറ്റ് കവിതകളിലെ അച്ഛന്മാരെല്ലാം അല്‍പം വയലന്റ് ആയിട്ടുള്ളവരാണ്, എന്നാല്‍ പെണ്ണപ്പനില്‍ അങ്ങനെയല്ല. പെണ്ണപ്പനിലെ അച്ഛന്‍, വീട്ടില്‍ സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുന്ന, പെണ്ണാണോ നീ എന്ന ചോദ്യം നേരിടുന്ന, അമ്മയുടെ അടിപാവാട കഴുകി കൊടുക്കുന്ന അച്ഛനാണ്. അദ്ദേഹത്തെ സമൂഹം അധിക്ഷേപിക്കുന്നതും അദ്ദേഹത്തിലെ സ്ത്രൈണതയെ കുറ്റപ്പെടുത്തുന്നതുമെല്ലാമാണ് കവിതയുടെ ആധാരം.
പെണ്ണപ്പന്‍ എന്ന പേരിന് പിന്നാലെ ഒട്ടനവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു…
കവിത പുസ്തക രൂപത്തില്‍ ഇറക്കിയതിന് പിന്നാലെയാണ് ആ പേരിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. ക്വിയര്‍ വ്യക്തികളെ സൂചിപ്പിക്കാന്‍ മാത്രമാണ് പെണ്ണപ്പന്‍ എന്ന് ഉപയോഗിക്കുന്നത് എന്ന തെറ്റിധാരണ ഉണ്ടായി. അതുകൊണ്ട് തന്നെ പൊളിറ്റിക്കലി കറക്റ്റഡ് അല്ല അതിനെ വീണ്ടും പ്ലേസ് ചെയ്യുന്നത് ശരിയാണോ എന്ന രീതിയിലുള്ള ചോദ്യങ്ങളുണ്ടായി. എന്റെ ചെറുപ്പം മുതല്‍ തന്നെ എന്നിലുള്ള ഈ സ്ത്രൈണതയുടെ പേരില്‍ നിരവധി അധിക്ഷേപ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് ഞാന്‍. കവിതക്ക് പെണ്ണപ്പന്‍ എന്ന തലക്കെട്ട് കൊടുക്കുമ്പോള്‍ അതൊരിക്കലും ഒരു അധിക്ഷേപ വാക്കായിട്ടല്ല ഞാന്‍ ഉപയോഗിച്ചത്. അച്ഛന്‍ അമ്മ ബന്ധത്തിനുള്ളിലെ സങ്കീര്‍ണതകളെ എങ്ങനെ തകര്‍ക്കാം എന്നുമാത്രമാണ് ചിന്തിച്ചത്.
ആദിയുടെ കവിതകളിലെ അമ്മമാര്‍ സ്നേഹത്തിന്റെ നിറകുടങ്ങളല്ല, ഇത്തരം അമ്മമാരുടെ പ്രതിഫലനം എങ്ങനെയാണ് സംഭവിക്കുന്നത്?
പുരുഷാധിപത്യ സമൂഹത്തിന് വളരെ ഇഷ്ടപ്പെട്ട ഒരു വിഭാഗമാണ് അമ്മ എന്നത്. അമ്മയെ വലിയ വര്‍ണനകളിലൂടെയാണ് നമ്മള്‍ അവതരിപ്പിക്കാറുള്ളത്. അത് തീര്‍ച്ചയായും നമ്മുടെ സോഷ്യല്‍ സിസ്റ്റത്തിന് ആവശ്യമായൊരു കാര്യമാണ്. ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് തീര്‍ച്ചയായിട്ടും ഒരു സ്ത്രീ തന്നെയാണ്. അമ്മ അച്ഛന്‍ എന്നീ ബന്ധങ്ങളെ എന്റെ കവിതകളിലൂടെ ഞാന്‍ പലരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. ഈ പേരിനൊപ്പമൊക്കെയുള്ള കുറെ കാല്‍പനികമായ ആശയങ്ങളായ ത്യാഗം, സഹനം എന്നിങ്ങനെയുള്ളതിനെ ഇല്ലാതാക്കുക എന്നത് തന്നെയാണ് ലക്ഷ്യം വെച്ചത്. ഇത്തരം ആദര്‍ശങ്ങള്‍ക്കപ്പുറം വ്യക്തിയുണ്ടല്ലോ. അമ്മമാര്‍ക്കും വികാരങ്ങളില്ലെ, എന്റെ കവിതകളിലെ അമ്മമാര്‍ പ്രേമിക്കുന്നുണ്ട്, സ്വന്തം ഭര്‍ത്താക്കന്മാര്‍ മരിക്കുന്ന സമയത്ത് സന്തോഷിക്കുന്നുണ്ട്, സ്ത്രീകളോട് സ്നേഹം തുറന്നുപറയുന്ന അമ്മമാരുണ്ട്. അങ്ങനെ പല നിലകളിലുള്ള അമ്മമാരെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ കവിതകളുടെ പശ്ചാത്തലം എന്നത് കീഴാള സമുദായത്തിന്റെ ജീവിതമാണ്. അമ്മമാര്‍ക്കും വികാരങ്ങളുണ്ട്, നമ്മള്‍ കൊണ്ടുനടക്കുന്ന ആദര്‍ശങ്ങള്‍ കള്ളമാണെന്ന് കാണിക്കാന്‍ കവിതകളിലൂടെ ശ്രമിക്കുന്നുണ്ട്. എന്നെയാണ് ഈ കവിതകളിലൂടെ കാണിക്കുന്നത്. എന്നാല്‍ ഞാന്‍ ക്വിയര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ടല്ല എഴുതുന്നത്. എല്ലാവരുടെയും ജീവിത സാഹപര്യങ്ങള്‍ വ്യത്യസ്തമാണ്.
ഇത്തരം കവിതകളിലുള്ള ചുറ്റുപാടുകള്‍, വീട്, കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്തരാണ്. ജീവിതത്തില്‍ ഇതുവരെ കണ്ടുമുട്ടിയ ആരെങ്കിലും കവിതകളിലൂടെ പുനര്‍ജനിച്ചിട്ടുണ്ടോ?
എഴുത്ത് എന്നത് എന്നെ സംബന്ധിച്ച് ബോധപൂര്‍വം ഉണ്ടാകുന്ന ഒന്നല്ല. ഏതെങ്കിലും ഒരു സാഹചര്യം അല്ലെങ്കില്‍ ഒരു വ്യക്തി ഇതിനെയെല്ലാം മുന്‍നിര്‍ത്തിയാണ് നമ്മള്‍ എഴുതുന്നത്. എന്നെ സംബന്ധിച്ച് എഴുത്തിലേക്ക് വരുമ്പോള്‍ എനിക്ക് മുന്‍ മാതൃകയായുള്ളത് വിജയരാജ മല്ലിക മാത്രമാണ്. വേറെ ആരും ഇല്ല. സോ കോള്‍ഡ് ആണ്‍ പെണ്‍ എഴുത്തുകാര്‍ക്ക് ലഭിക്കുന്നത് പോലെ പാരമ്പര്യമോ ചരിത്രമോ ഒന്നും നമുക്കില്ല. എന്റെ മനുഷ്യര്‍ ഇപ്പോള്‍ മാത്രം ദൃശ്യത നേടിയവരാണ്. അല്ലെങ്കില്‍ അംഗീകാരം നേടികൊണ്ടിരിക്കുന്ന, ഇപ്പോഴും സമരം തുടരുന്ന മനുഷ്യരാണ്. എന്റെ ആദ്യത്തെ പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുതിയിട്ടുണ്ട് എന്റെ മനുഷ്യരാരും കവിത എഴുതിയിട്ടില്ല, അവരെല്ലാം ആത്മഹത്യാക്കുറിപ്പുകളാണ് എഴുതിയിട്ടുള്ളത്. ചിലയാളുകള്‍ക്ക് ആത്മഹത്യാക്കുറിപ്പ് പോലും എഴുതാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. വീടും നാടും മനുഷ്യരിലുമെല്ലാം ഭാവന ചെലുത്തികൊണ്ട് തന്നെയാണ് എഴുത്തുകള്‍ നില്‍ക്കുന്നത്. എന്റെ കവിതകളില്‍ എന്റെ ജീവിതമുണ്ട്, പക്ഷെ എന്റെ ജീവിതം മാത്രമേ ഉള്ളു എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല.
Also Read: Dawood Ibrahim : കേസിൽ തനിക്ക് പങ്കില്ല, ഒഴിവാക്കണം- വിളിക്കുന്നത് ദാവൂദ്, പോലീസുകാരൻ വിശ്വസിച്ചില്ല
സാഹിത്യവുമായി ഒട്ടും ബന്ധമില്ലെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ കവി എന്നറിയപ്പെടുമ്പോള്‍ എന്ത് തോന്നുന്നു?
കവി എന്ന് അടയാളപ്പെടുത്താന്‍ ഒരുകാലത്തും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എനിക്ക് അത് ഇഷ്ടമില്ലായിരുന്നു. സാഹിത്യം എന്നത് പ്രത്യേകം ആളുകള്‍ക്ക് മാത്രം മേല്‍കൈ ഉള്ള സ്ഥലമാണ്. എന്നെ സംബന്ധിച്ച് മേശ നിറയെ പുസ്തകങ്ങള്‍ ഉള്ള ഒരു കുട്ടികാലമായിരുന്നില്ല. കൂടുതല്‍ വായനക്കുള്ളില്‍ നില്‍ക്കുന്ന ഒരാളുമായിരുന്നില്ല. എനിക്ക് എഴുത്ത് എന്നത് ദൈവവിളിയുടെ ഭാഗമായിട്ടുണ്ടാകുന്ന ഒന്നല്ല. എഴുത്ത് എന്നത് എനിക്ക് ഞാന്‍ ജീവിച്ച ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ഒരു ടൂള്‍ മാത്രമാണ്. അതിനപ്പുറത്തേക്ക് ഒരു ആടയാഭരണങ്ങളും ചാര്‍ത്തികൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെ എഴുതുന്നത് നമുക്ക് പണം കൂടി നല്‍കുന്നുണ്ട്. കുറച്ചുകൂടി പൊളിറ്റിക്കലായിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ സിലബസുകളില്‍ എല്ലാം ഇടംനേടുന്ന സമയത്ത്, ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ എനിക്ക് കവിയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.