PODA : മരുന്നടിച്ചാൽ പണി പോകും, ‘പോഡാ’ യുമായി പ്രൈവറ്റ് മേഖലയിലും പിടിമുറുക്കി പോലീസ്
Kochi Police Launches Unique Anti Drug Initiative: ഐ ടി കമ്പനികളിൽ തുടങ്ങി സ്വകാര്യ മേഖലയെ ലക്ഷ്യമിട്ട് കൊച്ചി സിറ്റി പൊലീസ് ലഹരി വിരുദ്ധ പദ്ധതി ആരംഭിക്കുന്നു. പോളിസ് ഓഫ് പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (PODA)' എന്ന കരട് നയത്തിന് കീഴിലാണ് നടപടി.
കൊച്ചി: പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക. ഏതു നിമിഷവും ഒരു മിന്നൽ പരിശോധന പോലീസിൻ്റെ വകയായി ഉണ്ടാകാം. പരിശോധനയിൽ നിങ്ങൾ മയക്കുമരുന്നു ഉപയോഗിച്ചതായി തെളിഞ്ഞാൽ പണിപോകുമെന്ന് ഉറപ്പ്. ഇനി പ്രൈവറ്റ് ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക് , നിങ്ങൾ ജോലിയ്ക്ക് കയറും മുമ്പ് ഒരു കരാൽ ഒപ്പിടാൻ തയ്യാറായിക്കോളു. ലഹരി ഉപയോഗിക്കാതിരിക്കാനുള്ള മുൻകരുതാലാണിത്.
സംഭവം എന്താണെന്നല്ലേ… ഐ ടി കമ്പനികളിൽ തുടങ്ങി സ്വകാര്യ മേഖലയെ ലക്ഷ്യമിട്ട് കൊച്ചി സിറ്റി പൊലീസ് ലഹരി വിരുദ്ധ പദ്ധതി ആരംഭിക്കുന്നു. പോളിസ് ഓഫ് പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (PODA)’ എന്ന കരട് നയത്തിന് കീഴിലാണ് നടപടി. ഇതനുസരിച്ച് കമ്പനിയിൽ ചേരുമ്പോൾ ജീവനക്കാർ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറുകളിൽ ഒപ്പിടേണ്ടതുണ്ട്. തൊഴിലുടമ ആവശ്യപ്പെട്ടാൽ ജീവനക്കാർക്ക് മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്നും ഈ കരാറിൽ പറയുന്നു.
പരിശോധനാ രീതികളിൽ രക്തം, മൂത്രം, മുടി എന്നിവയുടെ പരിശോധന ഉൾപ്പെടെ ഉണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചു പിടിക്കപ്പെടുന്ന ജീവനക്കാർക്കെതിരെ ജോലി അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അവകാശം തൊഴിലുടമയിൽ നിക്ഷിപ്തമാണ്.
ALSO READ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
25 നും 35 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാൻ ലക്ഷ്യമിട്ട് ഐടി കൺസോർഷ്യമായ ജി ടെക്കുമായുള്ള ചർച്ചയെ തുടർന്നാണ് പോലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദർ ഈ സംരംഭം ആരംഭിച്ചത്. കൊച്ചിയിൽ പദ്ധതി വിജയിച്ചാൽ സംസ്ഥാനമൊട്ടാകെ നടപ്പാക്കാനും വഴിയൊരുക്കും.
“ഐടി കമ്പനികൾ ഉൾപ്പെടെ വിവിധ വാണിജ്യ, വ്യാവസായിക മേഖലകളിലെ പ്രതിനിധികളുമായി ഈ വിഷയത്തിൽ അധികൃതർ ചർച്ച നടത്തിക്കഴിഞ്ഞു. എല്ലാവരും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഐ ടി സ്ഥാപനങ്ങൾക്കിടയിൽ ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഇൻഫോപാർക്ക് സി ഇ ഒ യോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഏകദേശം 7000 കേസുകളാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ ഗ്രാമിന് 1000 രൂപയാണ് മരുന്നുകളുടെ വില. എന്നാൽ കൊച്ചിയിലെത്തുമ്പോൾ ഒരു ഗ്രാമിന് 6000-7000 രൂപയോളമായി വില ഉയരുന്നു.
25-നും 35-നും ഇടയിൽ പ്രായമുള്ള, സ്ഥിരമായ ജോലിയും സാമ്പത്തിക ഭദ്രതയും ഉള്ളവർ, ഈ ഉയർന്ന വിലയിലും മയക്കുമരുന്നുകൾ വാങ്ങുന്നു. രാജ്യത്തെ തൊഴിലെടുക്കുന്ന ജനസംഖ്യയുടെ 97 ശതമാനവും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്.