Kochi POCSO Case: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ
Ninth Grader Molested His Sister in Kochi: 2024 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഭയന്ന് വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്നാണ് കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതും സംഭവം പുറത്തറിയുന്നതും.

കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഏഴാം ക്ലാസുകാരിയായ സഹോദരിയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥി ലഹരിക്ക് അടിമയാണെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പോലീസ് പറയുന്നു.
2024 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഭയന്ന് വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്നാണ് കുട്ടി കൂട്ടുകാരിയോട് വിവരം പറയുന്നതും സംഭവം പുറത്തറിയുന്നതും. തുടർന്ന് സഹപാഠി അധ്യാപകരെ വിവരം അറിയിച്ചു. സ്‌കൂൾ അധികൃതർ സംഭവം ശിശുക്ഷേമ സമിതിയിൽ അറിയിക്കുകയും തുടർന്ന് ശിശുക്ഷേമ സമിതി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) പോലീസ് റിപ്പോർട്ട് കൈമാറും.
ALSO READ: തുറിച്ചു നോക്കിയതിന് തൃശൂരിൽ യുവാവിനെ ഇടിച്ചുകൊല്ലാൻ ശ്രമം; സഹോദരങ്ങൾ പോലീസ് പിടിയിൽ
തൃശൂരിൽ തുറിച്ചു നോക്കിയതിന് യുവാവിനെ കൊല്ലാൻ ശ്രമം
തൃശൂർ മനക്കൊടിയിൽ യുവാവിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കേസെടുത്ത് അന്തിക്കാട് പോലീസ്. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ 26കാരനായ പ്രത്യുഷ്, 20കാരനായ കിരൺ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്‌കൂട്ടറിൽ വരുകയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ അക്ഷയ് എന്ന 25കാരനെ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു.
അക്ഷയ്‌യുടെ മുഖത്തിലും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളുടെ പേരിൽ ഇതിന് മുമ്പും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.