POCSO Case: ട്യൂഷൻ ക്ലാസിൽ വെച്ച് 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അധ്യാപകൻ, 76കാരന് 10 വർഷം തടവ്
Thiruvananthapuram Tuition Class POCSO Case: 2023 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് കുട്ടികൾ ഒന്നും ക്ലാസിൽ ഇല്ലാതിരുന്ന നേരത്ത് പ്രതി കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നു പിടിക്കുകയായിരുന്നു.

തിരുവനന്തപുരം: ട്യൂഷൻ ക്ലാസിൽ വെച്ച് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ച കേസിൽ 76കാരനായ അധ്യാപകന് പത്ത് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. സംഭവത്തിൽ മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെ ആണ് കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അല്ലാത്തപക്ഷം രണ്ടു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ രേഖ വ്യക്തമാക്കി.
2023 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് കുട്ടികൾ ഒന്നും ക്ലാസിൽ ഇല്ലാതിരുന്ന നേരത്ത് പ്രതി കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നു പിടിക്കുകയായിരുന്നു. ഭയന്ന കുട്ടി സംഭവം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാൽ, കുട്ടി ട്യൂഷൻ ക്ലാസിൽ പോകാൻ വിസമ്മതം കാണിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം തുറന്നു പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
ALSO READ: ഒറ്റപ്പാലത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം; അടിപിടിയിൽ വിദ്യാർഥിയുടെ മൂക്കിന്റെ പാലം തകർന്നു
ഭാര്യയും താനും രോഗികൾ ആണെന്നും, തങ്ങൾക്ക് മക്കൾ ഇല്ലെന്നും കാണിച്ച് ശിക്ഷ കുറച്ചു നൽകണമെന്ന് പ്രതി കോടതിയോട് അപേക്ഷിച്ചെങ്കിലും, അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാധൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. എന്നാലും പ്രതിയുടെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച ശേഷം ഇയാൾക്ക് വെറും തടവ് മാത്രമാണ് കോടതി വിധിച്ചത്.
കേസിൽ 15 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവരാണ്. തമ്പാനൂർ എസ്ഐ വി എസ് രഞ്ജിത്ത്, എസ്ഐ എസ് ജയശ്രീ എന്നിവർ ചേർന്നാണ് കേസിൽ അന്വേഷണം നടത്തിയത്.