PK Sreemathi: ‘അങ്ങനെയൊരു ചര്‍ച്ചയേ ഉണ്ടായിട്ടില്ല’; സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് പി.കെ. ശ്രീമതി
PK Sreemathi Teacher : വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് മാധ്യമങ്ങളാണ് വിശദീകരിക്കേണ്ടതെന്ന് ശ്രീമതി

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി. മാധ്യമങ്ങളുടെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് മാധ്യമങ്ങളാണ് വിശദീകരിക്കേണ്ടതെന്ന് ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും, മഹിളാ പ്രസ്ഥാനം സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നുമാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശം. അതുകൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റിലോ, സംസ്ഥാന കമ്മിറ്റിയിലോ പങ്കെടുക്കേണ്ടതില്ല എന്ന ചര്‍ച്ച സെക്രട്ടേറിയറ്റില്‍ വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
”അദ്ദേഹത്തെ അപമാനിക്കാനാണോ ഉദ്ദേശ്യം എന്നറിയില്ല. അദ്ദേഹത്തെ പോലെ ഏറ്റവും തലമുതിര്‍ന്ന സമാദരണീയനായ ഒരു നേതാവിന്റെ വിലക്ക് എനിക്കുണ്ടെന്ന് മറ്റുള്ളവരെ അറിയിച്ചുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും, എനിക്കൊരു അവമതിപ്പുണ്ടാക്കാനുമാണോ ഉദ്ദേശ്യമെന്നും മനസിലായിട്ടില്ല”-ശ്രീമതി പറഞ്ഞു.




പാര്‍ട്ടിതീരുമാനം എന്തായാലും അത് അംഗീകരിക്കും. പ്രായപരിധി ഇളവ് കിട്ടുമെന്ന് കരുതിയിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലും, സംസ്ഥാന കമ്മിറ്റിയിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ തലത്തിലുള്ള ചുമതലകളാണ് നല്‍കിയിട്ടുള്ളതെന്നും, സ്വഭാവികമായും അവിടെയാണ് കേന്ദ്രീകരിക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞല്ലോ എന്ന ചോദ്യത്തോട്, മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യം മറ്റൊരു തരത്തിലായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചതെന്നായിരുന്നു ശ്രീമതിയുടെ മറുപടി.