PK Sasi : കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ല; ഈ വാർത്തയ്ക്ക് ഒരു അച്ഛനുണ്ടല്ലോ, അത് പുറത്തുവിട്: പികെ ശശി
PK Sasi KTDC Chairman : കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പികെ ശശി. രാജിവെക്കാനല്ല പാർട്ടി പറഞ്ഞിട്ടുള്ളതെന്നും സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കില്ലെന്നും ശശി പറഞ്ഞു.
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് സിപിഐഎം നേതാവും മുൻ എംഎൽഎയുമായ പികെ ശശി. ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാനല്ല ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് പ്രവർത്തിക്കാനാണ്. ഈ വാർത്തയ്ക്ക് ഒരു അച്ഛനുണ്ടല്ലോ. അത് അന്വേഷിച്ച് പുറത്തുവിടൂ എന്നും പികെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടി നടപടിയെടുത്തെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് എന്ന് ശശി ചോദിച്ചു. താന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കാന്‍ തയ്യാറല്ല. കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് കല്പിത കഥകൾ മെനയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം. ഒരു കമ്മ്യൂണിസ്റ്റുകാരന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേത് എന്ന് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ശശി പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചു എന്നും കണ്ടെത്തലുകളുണ്ട്. പാർട്ടി നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാർട്ടി അറിയാതെ ശശി 5.49 കോടി രൂപ ഓഹരിയായി സമാഹരിച്ചു എന്നും ആരോപണമുണ്ടായിരുന്നു.
Also Read : Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിനും സാധ്യത
പികെ ശശിക്കെതിരെ പാർട്ടി കടുത്ത നടപടിയെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ശശിയെ മാറ്റാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. നടപടിയെടുത്താൽ സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ശശിക്ക് ഈ പദവികൾ നഷ്ടമാകും. വിഭാഗീയതയെ തുടർന്ന് ശശിയെ നേരത്തെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നാണ് തരം താഴ്ത്തിയത്. മുൻപ് ലൈംഗിക പീഡന പരാതിയെ തുടർന്ന് ശശിയെ ജില്ലാ സെക്രടറിയേറ്റിൽ നിന്ന് പുറത്തായിരുന്നു. ആറ് മാസത്തിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും ശശി മടങ്ങിയെത്തി.
ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച പികെ ശശി എസ്എഫ്ഐയുടെ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.