AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan: ‘വെറുതെ അസംബന്ധം പറയരുത്’; എസ്എഫ്‌ഐഓ കുറ്റപത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Pinarayi Vijayan- CMRL Exalogic Case: സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി. കേസിൽ എസ്എഫ്‌ഐഓ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചത്.

Pinarayi Vijayan: ‘വെറുതെ അസംബന്ധം പറയരുത്’; എസ്എഫ്‌ഐഓ കുറ്റപത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി
പിണറായി വിജയൻImage Credit source: Pinarayi Vijayan Facebook
abdul-basith
Abdul Basith | Published: 17 Apr 2025 07:19 AM

സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. അസംബന്ധം പറയരുതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകനോട് പറഞ്ഞു. സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടർനടപടികൾ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.

ഹൈക്കോടതി നടപടി ആശ്വാസമാണോ എന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചത്. അസംബന്ധം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതിന് വേണ്ടി അധികം സമയം കളയേണ്ട എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇഷപ്പെടാത്ത ചോദ്യം അസംബന്ധമാകുന്നതെങ്ങനെ എന്ന് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചു. അത് അസംബന്ധമായതുകൊണ്ടാണ് അങ്ങനെ എന്ന് മുഖ്യമന്ത്രി മറുപടി നൽകി. അസംബന്ധത്തിന്റെ ശീലക്കാരനാണല്ലോ നിങ്ങള്‍. അങ്ങനെയൊരു ശീലവും കൊണ്ട് പത്രപ്രവര്‍ത്തകനായി ഇരിക്കരുതെന്നാണ് പറയുന്നത്. അത് മനസിലാക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: PG Manu Death: മുൻ ഗവ.പ്ലീഡർ പിജി മനുവിന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടെ ചോദ്യത്തിൽ, കോടതിയുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ കോടതി നിലപാടെടുക്കുമല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. അങ്ങനെ നിലപാടുകളെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം. കോടതികളുടെ ഏതെല്ലാം നിലപാടുകളാണ് നമ്മൾ നേരിട്ടിരിക്കുന്നത്. അത് സ്വാഭാവികമായിട്ട് വരുന്നതാണല്ലോ എന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ഉൾപ്പെടെ പ്രതിചേർത്താണ് എസ്എഫ്‌ഐഓ കുറ്റപത്രം സമർപ്പിച്ചിരുന്നത്. സിഎംആർഎൽ എം.‍ഡി ശശിധരൻ കർത്തയും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിൽ രണ്ട് മാസത്തേക്ക് തുടർനടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സിഎംആര്‍എല്ലും കേന്ദ്രസര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രണ്ട് മാസത്തേക്ക് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.

ജസ്റ്റിസ് ടി.ആര്‍. രവിയുടെ അവധിക്കാല ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വേനലവധി കഴിഞ്ഞ് കോടതി ചേരുമ്പോള്‍ ഹര്‍ജി പരിഗണിക്കും. കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയച്ചേക്കും.