CIAL: പാക്ക് ചെയ്തോളൂ… വളർത്തുമൃഗങ്ങളെ ഇനി കൊച്ചി എയർപോർട്ടുവഴി കൊണ്ടുവരാൻ അനുമതി
Pets Through CIAL: ഇതുവരെ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർപോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറന്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഇത് കേരളത്തിലേക്ക് എത്തുന്ന യാത്രകാർക്ക് വലിയ വെല്ലുവിളിയായിരുന്നു.
വളർത്തുമൃഗങ്ങളെ ഒറ്റയ്ക്കാക്കി പോകേണ്ടി വരുമെന്ന സങ്കടം ഇനിവേണ്ട. പുതിയ സൗകര്യവുമായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്. വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഇനി നമുക്ക് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടുവഴി കൊണ്ടുവരാവുന്നതാണ്. ഇതിനായി ആനിമൽ ക്വാറന്റൈൻ ആൻ്റ് സർട്ടിഫിക്കേഷൻ സർവീസ് സെന്റർ വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഉദ്ഘാടം ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. വിദേശത്തുനിന്ന് മൃഗങ്ങളുമായി വരുന്നവർക്ക് സൗകര്യപ്രദമാണ് ഈ പുതിയ സംവിധാനം.
ഇതുസംബന്ധിച്ച് നേരത്തെ അനിമൽ ഹസ്ബൻഡറി ആൻ്റ് ഡയറി ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ സെക്രട്ടറി വർഷ ജോഷി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമായി കരാർ ഒപ്പുവെച്ചിരുന്നതാണ്. ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാരുടെ ദീർഘകാല ആവശ്യം പൂർത്തീകരിച്ചതായാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറയുന്നത്.
ഇതുവരെ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർപോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറന്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഇത് കേരളത്തിലേക്ക് എത്തുന്ന യാത്രകാർക്ക് വളരെ വലിയ വെല്ലുവിളിയായിരുന്നു.
കന്നുകാലികളിലൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്ത് രോഗവ്യാപനം തടയുന്നതിനുവേണ്ടി 1898-ലൈവ് സ്റ്റോക്ക് ഇറക്കുമതി നിയമം, 2001-ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോത്പാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിലവിൽ നിയന്ത്രിക്കുന്നത്.
നേരത്തെ കൊച്ചി വിമാനത്താവളത്തിലൂടെ വളർത്ത് മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽ വന്നിരുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെയാണ് ഇത് നിലവിൽ വന്നത്. ഇപ്പോൾ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമാണ് സിയാൽ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവയാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്.
ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനുള്ള കൊണ്ടുവരുവാനുമുള്ള സൗകര്യമാണ് അവിടെയുള്ളത്.
സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം നിലവിൽ സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിന് സമീപമാണ് പ്രവർത്തിക്കുന്നത്. ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്.