Periya twin murder case: പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ശിക്ഷാവിധി തടഞ്ഞ് ഹൈക്കോടതി; നാല് സിപിഎം നേതാക്കൾക്ക് ജാമ്യം
Periya Twin Murder Case Judgement Suspended by High Court: അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീൽ നൽകിയതിനെ തുടർന്നാണ് സ്റ്റേ. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീൽ നൽകിയതിനെ തുടർന്നാണ് സ്റ്റേ. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കേസിലെ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ് എന്നിവർക്കും പത്താം പ്രതി ടി. രഞ്ജിത്തിനും, 15-ാം പ്രതി എ സുരേന്ദ്രനും ഇരട്ട ജീവപര്യന്തവും, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും 1000 രൂപ പിഴയുമാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
പൊലീസ് കസ്റ്റഡിയിൽ നിന്നു പ്രതിയെ നിയവിരുദ്ധമായി കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവർക്കെതിരെ ചുമത്തിയിരുന്നത്. ഇത് പ്രകാരമാണ് സിബിഐ പ്രത്യേക കോടതി പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ ഇവർ നൽകിയ അപ്പീൽ സ്വീകരിച്ചുകൊണ്ടാണ് ഇപ്പോൾ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്.
വിഷയത്തിൽ ഹൈക്കോടതി സിബിഐ കോടതിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷം ഹർജിയിൽ തുടർവാദം ഉണ്ടാകും. എന്നാൽ, ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവർക്ക് ഇന്ന് തന്നെ ജയിൽ മോചിതരാകാം. അതേസമയം, ഇവർക്കൊപ്പം കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്ത് പേര് നൽകിയ അപ്പീൽ ഇതുവരെ ഹൈക്കോടതി മുൻപാകെ എത്തിയിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത് 2019 ഫെബ്രുവരി 17-നാണ്. പെരിയ കല്യോട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത്. ബെെക്കിൽ യാത്ര ചെയ്യുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ജീപ്പിലെത്തിയ അക്രമിസംഘം ഇടിച്ചിട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സിപിഎം മുന്‍ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പടെ 14 പേരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നത്. പിന്നാലെ, സിബിഐ ആണ് മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്‍ ഉൾപ്പടെയുള്ള മറ്റ് പത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.