Periya twin murder case: പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, ജയിലിലെത്തി കണ്ട് പുസ്തകം നല്‍കി പി ജയരാജന്‍
Periya Twin Murder Case P Jayarajan Controversial Visit: വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദേശ പ്രകാരമാണ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റിയത്. ബന്ധുക്കൾ അടക്കമുള്ളവർക്ക് വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റി. പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജയിലിന് മുന്നിൽ എത്തിയിരുന്നു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നും പി ജയരാജൻ പറഞ്ഞു. സിപിഎം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ ഈ ധാർമിക ബോധം എവിടെ പോയെന്നും, കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണ എന്നും ജയരാജൻ ചോദിച്ചു. മാധ്യമങ്ങളോടായിരുന്നു പി ജയരാജന്റെ പ്രതികരണം.
പ്രതികളെ സന്ദർശിച്ച് ‘കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറിയെന്നും ജയരാജന്‍ അറിയിച്ചു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയത്ത് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ജയിലിന് പുറത്തുണ്ടായിരുന്നു. അതേസമയം, വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദേശ പ്രകാരമാണ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റിയത്. ബന്ധുക്കൾ അടക്കമുള്ളവർക്ക് വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ചതോടെയാണ് പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും മാറ്റിയത്. രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂരിലെത്തിച്ചത്.
ALSO READ: വധശിക്ഷ പ്രതീക്ഷിച്ച് കുടുംബം, ആറ് വർഷത്തെ നിയമപോരാട്ടം, 20 മാസം നീണ്ട വിചാരണ; പെരിയയിൽ ഇനി?
എന്നാൽ ‘ജയിൽ പെരിയ കുറ്റവാളികൾക്ക് സ്വർഗലോകം പോലെ’ എന്നായിരുന്നു കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണന്റെ പ്രതികരണം. സിപിഎം ആണെങ്കിൽ എന്തുമാകാമെന്നും, പ്രതികളെ സംരക്ഷിക്കുന്ന സിപിഎം രീതി നാടിനെ ഭയപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിപിഎമ്മിന് ഇനിയും തിരിച്ചറിവായിട്ടില്ലെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെ ആണെന്നുമായിരുന്നു മരിച്ച കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ പ്രതികരണം.
സിബിഐ കോടതി കഴിഞ്ഞ ദിവസമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ പത്ത് പ്രതികളെയാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചത്. സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ ഉൾപ്പടെയുള്ള നാല് പ്രതികൾക്ക് അഞ്ചുവര്‍ഷത്തെ തടവാണ് കൊച്ചി സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചത്.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. പെരിയ കല്യോട്ടിൽ വെച്ചാണ് ബെെക്കിൽ യാത്ര ചെയ്യുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ജീപ്പിലെത്തിയ അക്രമിസംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനൾപ്പെടെ 14 പേരെയാണ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പുറമെ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സിബിഐയും അറസ്റ്റ് ചെയ്തിരുന്നു.