Peechi Dam Tragedy : റിസര്‍വോയര്‍ കാണാന്‍ സുഹൃത്തുക്കളുടെ യാത്ര, പിന്നാലെ അപ്രതീക്ഷിത ദുരന്തം; പീച്ചി ഡാമില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
Kerala Peechi Dam Students Accident : പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30-ഓടെ തെക്കേക്കുളം ഭാഗത്താണ് അപകടമുണ്ടായത്. റിസര്‍വോയര്‍ കാണാനാണ് അഞ്ചംഗ സംഘം പുറപ്പെട്ടത്. ചെരിഞ്ഞിരിക്കുന്ന പാറയില്‍ നിന്ന് രണ്ട് പേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തില്‍ പെട്ടു
തൃശൂർ: പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. അലീനയ്‌ക്കൊപ്പം അപകടത്തില്‍പെട്ട മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അലീന. പുലര്‍ച്ചെ 12.30-ഓടെയാണ് മരിച്ചത്. മറ്റു മൂന്നു വിദ്യാര്‍ത്ഥിനികളും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ വീട്ടില്‍ തിരുനാളാഘോഷത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്.
പട്ടിക്കാട് പുളയിൻമാക്കൽ നിമ ജോണി (12), പട്ടിക്കാട് പാറാശേരി ആൻ ഗ്രേസ് സജി (16), മുരിങ്ങത്തു പറമ്പിൽ എറിൻ ബിനോജ് (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റ് വിദ്യാര്‍ത്ഥിനികള്‍. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷവുമായി ബന്ധപ്പെട്ട് നിമയുടെ വീട്ടിലെത്തിയതാണ് ഇവര്‍. നിമയുടെ സഹോദരി ഹിമയുടെ കൂടെ പഠിക്കുന്നവരാണ് ഇവര്‍.
എന്താണ് സംഭവിച്ചത് ?
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30-ഓടെയാണ് അപകടമുണ്ടായത്. റിസര്‍വോയര്‍ കാണാനാണ് അഞ്ചംഗ സംഘം പുറപ്പെട്ടത്. ചെരിഞ്ഞിരിക്കുന്ന പാറയില്‍ നിന്ന് രണ്ട് പേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തില്‍ പെട്ടു. രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് നാലുപേരും.
Read Also : സമാധി സ്ഥലത്ത് പോലീസ് കാവല്‍; പോസ്റ്റുമോര്‍ട്ടത്തിന് കളക്ടറുടെ അനുമതി തേടാന്‍ നീക്കം
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്നാണ് റിപ്പോര്‍ട്ട്. പല അപകടങ്ങള്‍ക്കും ജാഗ്രതാക്കുറവാണ് കാരണം.
- ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കണം. കുട്ടികളെ നന്നായി പരിശീലനം നേടിയവരിൽ നിന്ന് നീന്തൽ പഠിപ്പിക്കാന്‍ ശ്രമിക്കണം.
- കുട്ടികളെ മുതിർന്നവരില്ലാതെ വെള്ളത്തില്‍ കളിക്കാനോ, കുളിക്കാനോ, നീന്താനോ പോകാൻ അനുവാദം കൊടുക്കരുത്.
- വിനോദയാത്രാ വേളകളിലും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ലൈഫ് ജാക്കറ്റ്, ടയർ ട്യൂബ്, നീളമുള്ള കയര്‍ തുടങ്ങിയ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങള്‍ കൂടെ കരുതാം.
- ശരിയായ പരിശീലനം ലഭിച്ചവർ മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാവൂ. വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ എടുത്തുചാടുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും. രക്ഷാപ്രവർത്തങ്ങൾക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റാനും ശ്രമിക്കാം.
- വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നല്ലതാണ്. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് അഭികാമ്യം. പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്ക് എടുത്തുചാടരുത്. ചെളിയില്‍ പൂഴ്ന്ന് പോകാനും, തല പാറയിലോ, മരക്കൊമ്പിലോ ഇടിക്കാനുമൊക്കെ സാധ്യതയുണ്ട്.
- പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. നേരം ഇരുട്ടിയ ശേഷം വെള്ളത്തില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
- മദ്യലഹരിയിൽ വെള്ളത്തിൽ ഇറങ്ങരുത്. അസുഖമുള്ളവര്‍, മരുന്നുകള്‍ കഴിക്കുന്നവര്‍, വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള രോഗമുള്ളവര്‍ പ്രത്യേകം സൂക്ഷിക്കണം. കൂടെയുള്ളവരോട് ഇക്കാര്യങ്ങള്‍ പ്രത്യേകം പറയുകയും വേണം.