Peechi Dam Tragedy: പീച്ചി ഡാം റിസര്‍വോയര്‍ അപകടം; ഒരാള്‍ കൂടി മരിച്ചു
Peechi Dam Tragedy Updates: നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു മൂവരും. ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ നിമയുടെ വീട്ടിലേക്കെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം റിസര്‍വോയര്‍ കാണാനായി നാലുപേരും ചേര്‍ന്ന് പോയി. ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കുന്നതിനിടെ പാറയില്‍ വഴുതി ഡാമിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് എറിന്‍. അലീന (16), ആന്‍ ഗ്രേയ്‌സ് (16) എന്നീ വിദ്യാര്‍ഥിനികള്‍ നേരത്തെ മരിച്ചിരുന്നു.
ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടാകുന്നത്. നാല് പെണ്‍കുട്ടികള്‍ റിസര്‍വോയറില്‍ വീഴുകയായിരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേയ്‌സ് (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (15) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു മൂവരും. ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ നിമയുടെ വീട്ടിലേക്കെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം റിസര്‍വോയര്‍ കാണാനായി നാലുപേരും ചേര്‍ന്ന് പോയി. ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കുന്നതിനിടെ പാറയില്‍ വഴുതി ഡാമിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
ഇവരില്‍ രണ്ടുപേര്‍ പാറയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. പാറക്കെട്ടിന് താഴെ കയമുണ്ടായിരുന്നതാണ് അപകടത്തിന് ആഴം കൂട്ടിയത്.
കുളിക്കാന്‍ വേണ്ടിയായിരുന്നു ഇവര്‍ ഡാമിലേക്ക് എത്തിയത്. എന്നാല്‍ നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. നിമയുടെ കരച്ചില്‍ കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. തുടര്‍ന്ന് ഡാമിലേക്ക് വീണ കുട്ടികളെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാളെ പ്രദേശവാസിയുടെ കാറിലും മറ്റ് മൂന്നുപേരെ രണ്ട് ആംബുലന്‍സുകളിലായും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.