PC George’s Love Jihad Remarks: ലവ് ജിഹാദ് പരാമർശം; പിസി ജോർജിന് കുരുക്ക് വീഴുമോ? വീണ്ടും നിയമോപദേശം തേടാൻ പൊലീസ്
PC George's Love Jihad Remarks: പാലയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി സി ജോർജ് പറഞ്ഞത്.

കോട്ടയം: മുൻ എംഎൽഎയും ബിജെപി നേതാവുമായ പിസി ജോർജിന്റെ ലവ് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് വീണ്ടും നിയമോപദേശം തേടാൻ പൊലീസ്. പ്രാഥമികമായി ലഭിച്ച നിയമോപദേശത്തിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കേസെടുക്കണമോ എന്ന കാര്യത്തിൽ വീണ്ടും നിയമോപദേശം തേടുന്നത്. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി സി ജോർജിന്റെ പരാമർശം.
ദിവസങ്ങൾക്ക് മുമ്പ് പാലയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. ‘ലവ് ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടു. അതിൽ 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും ‘പി സി ജോർജ് പാലായിൽ നടന്ന പരിപാടിയിൽ പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടയിലെ വിവാദ പരാമർശത്തിൽ ജാമ്യം കിട്ടി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പിസി ജോർജിന്റെ ലവ് ജിഹാദ് പരാമർശം വിവാദമാകുന്നത്.
അതേസമയം പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. കർശന ഉപാധികളോടെ ജാമ്യം കിട്ടിയ പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് യൂത്ത് ലീഗിന്റെ പരാതി. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് പിസി ജോർജ്. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിൽ പിസി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. തുടർന്ന് റിമാൻഡിലാവുകയും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
കളമശേരി ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോളേജിലെ പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാലി എന്നിവരാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ വിദ്യാർഥികൾ നൽകിയ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർഥികളിലേക്ക് അന്വേഷണം നീണ്ടത്. ഇന്ന് പുലർച്ചെയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലിൽ നടന്ന മിന്നൽ പരിശോധനയിൽ രണ്ട് കിലോയിലേറെ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. മറ്റു രണ്ട് പേരിൽ നിന്ന് ചെറിയ അളവിൽ മാത്രമാണ് കഞ്ചാവ് പിടിച്ചെടുത്തത്. അതിനാൽ അഭിരാജിനെയും ആദിത്യനെയും പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.