PC George: ട്വിസ്റ്റ്, പിസി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങി
മാധ്യമ പ്രവർത്തകരും, പോലീസും പാർട്ടി പ്രവർത്തകരും വീട്ടിൽ കാത്ത് നിൽക്കെയാണ് അദ്ദേഹം കോതിയിലെത്തിയത്

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്താനിരിക്കെ വമ്പൻ ട്വിസ്റ്റ്. ഈരാറ്റുപേട്ട കോടതിയിലെത്തി പിസി ജോർജ് തന്നെ കീഴടങ്ങി. ബിജെപി നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം കോടതിയിൽ എത്തിയത്. ചാനൽ ചർച്ചയിലെ വർഗീയ വിദ്വേഷ പരാമർശ കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സംബന്ധിച്ച നീക്കത്തിലേക്ക് പോലീസും കോടതിയും കടന്നത്. പരാമർശത്തിൽ പിസി ജോർജ്ജ് മാപ്പ് പറഞ്ഞെങ്കിലും മാപ്പ് കൊണ്ട് അവസാനിക്കുന്നില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പിസി ജോർജ്ജിനെതിരെ പരാതി നൽകിയത് ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ്. ഇതിന് പിന്നാലെ തസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് പോലീസ് അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിരുന്നു. ഇതിന് മുൻപും പിസി ജോർജ്ജിനെ വിദ്വേഷണ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ അറസ്റ്റ് ചെയ്തിരുന്നു.