5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death : ‘പിപി ദിവ്യ താടക, വൃത്തികെട്ട സ്ത്രീ’; ജനം ബോധവാന്മാരാകണമെന്ന് പിസി ജോർജ്

PC George against PP Divya : പിപി ദിവ്യക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പിസി ജോർജ്. പിപി ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയുമാണെന്ന് പിസി ജോർജ് പറഞ്ഞു. നിലവിൽ ദിവ്യയെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

ADM Naveen Babu Death : ‘പിപി ദിവ്യ താടക, വൃത്തികെട്ട സ്ത്രീ’; ജനം ബോധവാന്മാരാകണമെന്ന് പിസി ജോർജ്
പിസി ജോർജ്, പിപി ദിവ്യ (Image Courtesy - PC George Facebook, Social Media)
abdul-basith
Abdul Basith | Published: 30 Oct 2024 16:29 PM

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കസ്റ്റഡിയിലായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്കെതിരെ കേരള ജനപക്ഷം പാർട്ടി ചെയർമാൻ പിസി ജോർജ്. പിപി ദിവ്യ താടകയാണെന്നും വൃത്തികെട്ട സ്ത്രീയാണെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിസി ജോർജ്.

“ഇത്രയും നീചമായ പ്രവൃത്തി ചെയ്തിട്ട് ചിരിച്ചുകളിച്ചാണ് ആ സ്ത്രീ കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണ് അവർ. സിപിഎം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമാണ്. ഇവർ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസിൻ്റെ ഉടമകളായി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം മാറിയിരിക്കുന്നു. കേസിൽ സിബിഐ അന്വേഷണമോ ജുഡീഷ്യൽ എൻക്വയറിയോ വേണം. പമ്പിന് അപേക്ഷ നൽകിയ ആൾക്ക് അഞ്ച് പൈസയ്ക്ക് ഗതിയില്ല. പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ബിനാമിയാണ് അയാൾ. അയാൾ ഒരാളുടെ ജീവിതം തകർത്തു. അത് കണ്ണൂർ സിപിഎം ആഘോഷിക്കുകയാണ്. ജനം ഇനിയെങ്കിലും ബോധവാന്മാരാവണം.”- പിസി ജോർജ് പ്രതികരിച്ചു.

Also Read : ADM Naveen Babu Death: ‌‌ഒടുവിൽ ജയിലിലേക്ക്; പിപി ദിവ്യ റിമാന്റിൽ

പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നവംബർ 12-ാം തീയതി വരെയാണ് റിമാന്‍ഡ് കാലാവധി. തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്‍റെ ഔദ്യോ​ഗിക വസതിയിൽ കനത്ത പോലീസ് സുരക്ഷയോടെയാണ് ദിവ്യയെ ഹാജരാക്കിയത്. വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പള്ളിക്കുന്നിലെ വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുക. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. ദിവ്യയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരുപിടി വാദങ്ങൾ ഇനിയും ഉയർത്താനുണ്ട് എന്ന് അദ്ദേഹം പ്രതികരിച്ചു.. അത് കോടതിയിൽ വാദിക്കും. നിയമപരമായ അച്ചടക്കത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതാണ് നല്ലത്. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കണ്ണൂർ ടൗൺ പോലീസിന് മുന്നിൽ കീഴടങ്ങിയത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത് പിപി ദിവ്യയെ പ്രതിയാക്കിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. രണ്ടാഴ്ചത്തെ ഒളിവ് ജീവിതത്തിന് ശേഷമായിരുന്നു കീഴടങ്ങൽ. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിപി ദിവ്യയെ പോലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. ഇവിടെ വച്ച് ഇവരെ ചോദ്യം ചെയ്ത ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

Also Read : ADM Naveen Babu Death: ‘പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം’; അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നവീൻ ബാബുവിന്റെ ഭാര്യ

മുൻ‌കൂർ ജാമ്യം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിൽ ഗൗരവതരമായ കണ്ടെത്തലുകളാണ് ദിവ്യക്കെതിരെയുള്ളത്. ക്ഷണിക്കാതെ വന്ന് എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ശ്രമിച്ചു, നീക്കങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു, പ്രാദേശിക മാധ്യമപ്രവർത്തകനെ കൊണ്ടുവന്ന് പ്രസംഗം റെക്കോർഡ് ചെയ്യിച്ച് പ്രചരിച്ചിച്ചു തുടങ്ങിയവ കോടതി നിരീക്ഷണത്തിലുണ്ടായിരുന്നു. പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നു എന്നും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പൊതു സമൂഹത്തിൽ അപമാനിക്കാനാണ് ഇവർ ശ്രമിച്ചത് എന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. അഴിമതി അറിഞ്ഞെങ്കിൽ ദിവ്യയ്ക്ക് പൊലീസിനെയോ വിജിലൻസിനേയോ സമീപിക്കാമായിരുന്നു എന്നും 38 പേജുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമാണ് പിപി ദിവ്യ. പിപി ദിവ്യയുടെ അഴിമതി ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. എഡിഎമ്മിന്റെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. കളക്ടറേറ്റിൽ റവന്യൂ വകുപ്പ് ഉദ്യോ​ഗസ്ഥനായ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ അഴിമതി ആരോപണം.