P C George: വിദ്വേഷ പരാമര്‍ശം തുടര്‍ക്കഥ; പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്; 2022 ആവര്‍ത്തിക്കുമോ?
P C George Case: കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജോര്‍ജിന്റേത് നാക്കുപിഴയാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു നിരീക്ഷണം. 20 വര്‍ഷത്തോളം ജനപ്രതിനിധിയായിരുന്ന ആള്‍ ഇത്ര പെട്ടെന്ന് പ്രകോപിതനാകുമെങ്കില്‍, അദ്ദേഹം ഒരു രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹനല്ലെന്ന് പറയേണ്ടി വരുമെന്നും കോടതി

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. രണ്ട് മണിക്ക് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുമായി പൊലീസ് ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ജോര്‍ജ് സ്ഥലത്തില്ലായിരുന്നു. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയതായി അഭ്യൂഹമുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശമാണ് ജോര്‍ജിന് തിരിച്ചടിയായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിനൊരുങ്ങുന്നത്.
അബദ്ധം പറ്റിയതാണെന്നായിരുന്നു ജോര്‍ജിന്റെ ന്യായീകരണം. സംഭവത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജോര്‍ജിന്റേത് നാക്കുപിഴയാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 20 വര്‍ഷത്തോളം ജനപ്രതിനിധിയായിരുന്ന ആള്‍ ഇത്ര പെട്ടെന്ന് പ്രകോപിതനാകുമെങ്കില്‍, അദ്ദേഹം ഒരു രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹനല്ലെന്ന് പറയേണ്ടി വരുമെന്നും കോടതി വിമര്‍ശിച്ചു.
സമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചിട്ട് മാപ്പ് പറയുന്നത് സ്വീകാര്യമല്ല. സംഭവത്തില്‍ ക്ഷമ ചോദിച്ച് ജോര്‍ജ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കുറ്റം ഇല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജോര്‍ജിനെതിരായ സമാനമായ കേസുകളിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.




ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.
2022ല്‍ സംഭവിച്ചത്
വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജോര്‍ജ് ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് അന്ന് ജോര്‍ജ് അറസ്റ്റിലായത്. കേസില്‍ പിന്നീട് ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു.