5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Accident: വിവാഹം കഴിഞ്ഞ് 15 നാൾമാത്രം, മലേഷ്യയിലേക്ക് സ്വപ്ന യാത്ര; നോവായി അനുവും നിഖിലും

Muvattupuzha- Punalur Highway Accident: പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു.

Pathanamthitta Accident: വിവാഹം കഴിഞ്ഞ് 15 നാൾമാത്രം, മലേഷ്യയിലേക്ക് സ്വപ്ന യാത്ര; നോവായി അനുവും നിഖിലും
Pathanamthitta Accident (Image Credits: Social Media)
athira-ajithkumar
Athira CA | Published: 15 Dec 2024 07:36 AM

പത്തനംതിട്ട: മുവാറ്റുപുഴ – പുനലൂർ ദേശീയപാതയിലുണ്ടായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. കോന്നി മുറിഞ്ഞകല്ലിൽ അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നത് നവദമ്പതികളും ഇരുവരുടെയും പിതാക്കന്മാരുമായിരുന്നെന്ന് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ സ്ഥിരീകരിച്ചു. അനു, നിഖിൽ, മത്തായി ഈപ്പൻ, ബിജു ജോർജ് എന്നിവരാണ് മരിച്ചത്. അനുവും അഖിലും നവദമ്പതികളാണ്. ഇരുവരും നവംബർ 30-നാണ് വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായി മലേഷ്യയിലേക്ക് പോയ ഇരുവരെയും വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേക്ക് നവദമ്പതികളെ കൂട്ടികൊണ്ടു വരും വഴിയാണ് അപകടമുണ്ടായത്. വീട്ടിലെത്താൻ ആറ് കിലോ മീറ്റർ മാത്രം ശേഷിക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. അനുവിന്റെ അച്ഛൻ ബിജു ജോർജ്ജാണ് കാർ ഓടിച്ചിരുന്നത്. അനുവും നിഖിലുമാണ് കാറിന്റെ പിൻ സീറ്റിൽ ഇരുന്നത്. അനുവും നിഖിലും കാനഡയിൽ ജോലി ചെയ്യുന്നവരാണ്. ഇരുവരുടെയും പിതാക്കന്മാർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയിട്ട് അധിക കാലവും ആയിട്ടില്ല.

കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അനുവൊഴിക്കെ മറ്റുള്ളവരെല്ലാം സംഭവ സ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങി. അനുവിന് ജീവൻ ഉണ്ടായിരുന്നെന്നും കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും, അവസാന പ്രതീക്ഷയായാണ് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചതെന്നും ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു.

പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു. കാർ ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തെലങ്കാനയിലെ ഹെെദരാബാദ് സ്വദേശികളായ ഭക്തർ സഞ്ചരിച്ചിരുന്ന ബസിലേക്കാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

നാട്ടുകാർ എത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയായിരുന്നു. അപകടകാരണത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഓവർ സ്പീഡും ഡ്രെെവർ ഉറങ്ങി പോയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനുവിന്റെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലും, മറ്റ് മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.

മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലെ കൂടൽ മുറിഞ്ഞ കല്ല് സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് അപകടം നടക്കുന്നത് പതിവാണെന്നും എന്നാൽ ആദ്യമായാണ് ഇത്രയും ദാരുണമായ അപകടം നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് പലയാവർത്തി ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ വേണ്ട നടപടികൾ കെെക്കൊള്ളാൻ തയ്യാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ മാസം ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചിരുന്നു.