Pathanamthitta Bar Fight : ടച്ചിങ്സിനെ തൊട്ടു കളിച്ചു; ബാറിനു മുന്നിൽ സംഘം തിരിഞ്ഞ് കൂട്ടയടി
Clash in front of the bar over touchings At Pathanamthitta : മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങുന്നത്. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് തർക്കം തല്ലിലേക്കും അത് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു.
പത്തനംതിട്ട: കല്യാണത്തിനു പപ്പടം കിട്ടാത്തതിൽ അടി നടന്നതു പോലെ രസകരമായ വിഷയത്തിന് മറ്റൊരു കൂട്ടത്തല്ല് കഴിഞ്ഞദിവസം കേരളത്തിൽ നടന്നു. വിഷയം മദ്യപാനത്തിനിടയിൽ തൊട്ടുകൂട്ടുന്ന ടച്ചിങ്സാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ അമല ബാറാണ് അടിയ്ക്ക് വേദിയായത്. ബാറിനു പുറത്താണ് കൂട്ടയടി നടന്നത്.
മദ്യപാനത്തിനിടെ ‘ടച്ചിങ്സി’നെ ചൊല്ലിയുള്ള തർക്കം ബാറിനു മുന്നിലെ കൂട്ടത്തല്ലിലാണ് അവസാനിച്ചത്. മൂന്നംഗങ്ങളുൾപ്പെടുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു തർക്കം. തിങ്കളാഴ്ച രാത്രി 9.15-നാണ് സംഭവം നടക്കുന്നത്. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവർക്കാണ് അടിക്കൊടുവിൽ വലിയതോതിൽ പരിക്കു പറ്റിയത്.
നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവരാണ് ഇവരെ മർദിച്ചത് എന്നാണ് വിവരം. മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങുന്നത്. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് തർക്കം തല്ലിലേക്കും അത് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു. ബാറിനുള്ളിൽ സംഘം അടിയുണ്ടാക്കി തുടങ്ങിയപ്പോൾ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കി. തുടർന്ന് അടി ബാറിന് പുറത്തുവെച്ചായി.
ഹെൽമറ്റ് ഉപയോഗിച്ചുള്ള അടിയാണ് മാരകമായി പരിക്കേൽക്കാൻ കാരണമെന്നാണ് വിവരം. യുവാക്കളെ ക്രൂരമായി ഹെൽമെറ്റ് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന വീഡിയോയിൽ വ്യക്തമാണ്. മർദനമേറ്റ് രണ്ട് യുവാക്കൾ ബോധരഹിതരായി നിലത്തു വീഴുന്നുണ്ട്.
ALSO READ – തുണി മടക്കാൻ വൈകി; കൊല്ലത്ത് അച്ഛൻ മകളുടെ തോളെല്ലൊടിച്ചു
ഹെൽമറ്റ് കൊണ്ട് അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അടിയുണ്ടാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ നിലത്തു വീണ രണ്ട് യുവാക്കളുടെ തലയിൽ ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനിടെ ‘ചത്തുപോകത്തേയുള്ളൂ’ എന്ന് ദൃക്സാക്ഷികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.
ആദ്യഘട്ടത്തിൽ ഒന്നിലും ഇടപെടാതെ നിന്ന നാട്ടുകാർതന്നെയാണ് ഒരു സംഘത്തെ വിരട്ടിയതിന് ശേഷം ഷൈജു, അരുൺ എന്നിവരെ ആശുപത്രിയിലെത്തിച്ചത്. ശ്യാം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും ഇതിനു കഴിഞ്ഞില്ല. മദ്യലഹരിയിലുള്ള ഇവർ പോലീസിനേയും ആശുപത്രി ജീവനക്കാരേയും അസഭ്യം പറഞ്ഞതാണ് കാരണം.