Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Assault Case : പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതിവച്ചിരുന്നു. പിതാവിന്റെ മൊബൈല്‍ ഫോണിലൂടെയാണ് പ്രതികള്‍ വിളിച്ചിരുന്നത്. ഫോണ്‍ രേഖകളില്‍ നിന്ന് 40-ഓളം പ്രതികളെ തിരിച്ചറിഞ്ഞു. അന്വേഷണത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചില പ്രതികള്‍ വീട്ടിലെത്തിയും അതിക്രമം നടത്തി
പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പത്ത് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അഞ്ച് പേര്‍ പിടിയിലായിരുന്നു. കേസില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജില്ലയിലെ നാല് സ്റ്റേഷനുകളില്‍ കൂടി പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. രാജീവ് പറഞ്ഞു. കേസില്‍ തെളിവുശേഖരണവും പുരോഗമിക്കുകയാണ്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ പൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണിത്. 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായെന്നും, 62 പേരാണ് പ്രതികളെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ആണ്‍ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പ്രതിയുടെ സുഹൃത്തുക്കളും, സഹപാഠികളും, കായിക പരിശീലകരും, സമീപവാസികളും ഉപദ്രവിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. 19-30 പ്രായത്തിലുള്ളവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
നിര്‍ണായകമായി ഡയറി
പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതിവച്ചിരുന്നു. പിതാവിന്റെ മൊബൈല്‍ ഫോണിലൂടെയാണ് പ്രതികള്‍ വിളിച്ചിരുന്നത്. ഫോണ്‍ രേഖകളില്‍ നിന്ന് 40-ഓളം പ്രതികളെ തിരിച്ചറിഞ്ഞു. അന്വേഷണത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് നിലവില്‍ 18 വയസുണ്ട്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചില പ്രതികള്‍ വീട്ടിലെത്തിയും അതിക്രമം നടത്തി. പ്രതികള്‍ക്കെതിരെ എസ്‌സി, എസ്ടി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കും.
ഉപയോഗിച്ചത് പിതാവിന്റെ ഫോണ്‍
കുട്ടി പിതാവിന്റെ ഫോണാണ് ഉപയോഗിച്ചതെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ വ്യക്തമാക്കി. 62 പേര്‍ക്കെതിരായ മൊഴി ലഭിച്ചു. ഇതില്‍ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചു. മൊഴിയിലെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയതായും സിഡബ്ല്യുസി വ്യക്തമാക്കി. കേസില്‍ ശക്തമായ നടപടികളുണ്ടാകും. അസാധാരണ സംഭവമായതിനാല്‍ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ട് വിശദമായ കൗണ്‍സിലിങ് നടത്തിയിരുന്നതായും സിഡബ്ല്യുസി വിശദീകരിച്ചു.
Read Also : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
നിലവില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ. ചോദ്യം ചെയ്യുന്ന സ്‌റ്റേഷനുകള്‍ക്ക് സമീപം കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധസാധ്യതയും കൂടി കണക്കിലെടുത്താണ് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. തുടര്‍ന്നാണ് സിഡബ്ല്യുസിക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നിലവില്‍ പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട, കോന്നി തുടങ്ങി മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.