Parivahan Mobile Number Updation: പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർത്തില്ലേ ഇതുവരെ? ഫെബ്രുവരി 15 വരെ അവസരം
Parivahan Site Mobile Number Updation Date Extended: എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളിലും സ്പെഷ്യൽ ഡ്രൈവ് നടത്തും എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഫെബ്രുവരി 15 വരെയാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പരിവാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ ഇതുവരെ ചേർക്കാത്ത വാഹന ഉടമകൾക്ക് നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ഒരിക്കൽ കൂടി അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പരിവാഹൻ സൈറ്റിൽ വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളിലും സ്പെഷ്യൽ ഡ്രൈവ് നടത്തും എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ഫെബ്രുവരി 15 വരെയാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ-ആധാർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷകൾ അയക്കാൻ സാധിക്കാത്തവർക്ക് തിരിച്ചറിയൽ രേഖകൾ ഹരാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് മാർച്ച് ഒന്നാം തീയതി മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർസി പ്രിന്റ് ചെയ്ത് നൽകില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർസി ബുക്ക് ആയിരിക്കും ലഭിക്കുക. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച വിഷയത്തിൽ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾ നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ALSO READ: സംസ്ഥാനത്ത് ഇനി വാഹനങ്ങള്‍ക്ക് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല; ഒന്നാം തീയ്യതി മുതൽ ഡിജിറ്റല്‍ ആര്‍സി
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനൊപ്പം തന്നെ വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലാക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി ബാങ്കുകളും, മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റുമായി ബന്ധിപ്പിക്കണം.
2025 മാർച്ച് ഒന്നാം തീയതി മുതൽ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ. മോട്ടോർ വാഹന വകുപ്പ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.