Sharon Murder Case: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി; ശിക്ഷാവിധി നാളെ
പ്രണയം നടിച്ച് കഷായം കൊടുത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരി എന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എംഎം ബഷീറാണ് വിധി പറഞ്ഞത്. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു മോഹൻ കുമാറിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് കോടതി അമ്മയെ വെറുതെ വിട്ടത്. കേസിൽ ശിക്ഷാ വിധി നാളെ ഉണ്ടാകും.
കാമുകി ആയിരുന്ന ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നാണ് കേസ്.
ഷാരോൺ കൊല്ലപ്പെട്ടത് എങ്ങനെ?
കൊല്ലപ്പെട്ട ഷാരോണും ഒന്നാം പ്രതി ഗ്രീഷ്മയും ഒരു വർഷത്തിലേറെ കാലമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ആണ് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരുന്നതും ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതും. ഇതിനായി 2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രാവിലെ പത്തര മണിയോടെ വീട്ടിൽ എത്തിയ ഷാരോൺ അരമണിക്കൂറോളം അവിടെ ചെലവഴിച്ചിരുന്നു. അവിടെ വെച്ചാണ് സ്നേഹം നടിച്ച് ഗ്രീഷ്മ കളനാശിനി കലർത്തിയ കഷായം ഷാരോണിന് നൽകുന്നത്. കഷായം കുടിച്ചത് മുതൽ ശർദിച്ച് തുടങ്ങിയ ഷാരോൺ അടുത്ത 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് മരിക്കുകയായിരുന്നു.
ഒരേ ബസിലുള്ള കോളേജ് യാത്രയിൽ വെച്ചാണ് ഷാരോണും ഗ്രീഷ്മയും കണ്ടുമുട്ടുനനതും പ്രണയത്തിലാവുന്നതും. ആരും അറിയാതെ ഇരുവരും വെട്ടുകാട് പള്ളിയിൽ എത്തി മാലയും കുങ്കുമവും ചാർത്തി വിവാഹിതരുമായി. എന്നാൽ, ഇതിനിടെയാണ് നാഗർകോവിൽ സ്വദേശിയായ സൈനികന്റെ വിവാഹാലോചന ഗ്രീഷ്മയ്ക്ക് വരുന്നത്. ഇതോടെ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രണ്ടു വ്യത്യസ്ത മതക്കാർ തമ്മിലുള്ള വിവാഹത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യം ഷാരോണിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. കഴിയാതെ വനനത്തോടെ ജാതകദോഷം എന്ന് പറഞ്ഞു ഒരു കള്ളക്കഥ ഉണ്ടാക്കി. ജാതക പ്രകാരം തന്റെ ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് പറഞ്ഞു ഷാരോണിനെ പേടിപ്പിക്കാൻ ഗ്രീഷ്മ ശ്രമിച്ചെങ്കിലും അതും പരാചയപ്പെട്ടു. ഇതോടെ ആണ് കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്.
രണ്ടു മാസത്തോളം സമയമെടുത്താണ് ഗ്രീഷ്മ കൊലപാതകത്തിന് വേണ്ടി തയ്യാറെടുത്ത്. ആ സമയത്താണ് അമ്മാവൻ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കളനാശിനി കുടിച്ചാൽ മനുഷ്യൻ വരെ മരിച്ചു പോകുമെന്ന് ഗൂഗിൾ നോക്കി ഗ്രീഷ്മ മനസിലാകുന്നത്. അങ്ങിനെ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജ്യൂസാണ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ ആദ്യം കുടിപ്പിച്ചത്. ഇതിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കീടനാശിനി കലർത്തിയ കഷായം കൊടുത്തത്. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോണിന്റെ ജീവൻ നഷ്ടമാകുന്നത് വരെ ഗ്രീഷ്‌മ ഈ പ്രണയം അഭിനയം തുടർന്നു.
അന്വേഷണം ആരംഭിച്ചത്
മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഷാരോൺ ഗ്രീഷ്മക്കെതിരെ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എന്നാൽ, സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഷാരോണിന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. തുടർന്ന്, പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. തെളിവുകൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗ്രീഷ്മയുടെ അമ്മ സിന്ധു, നിർമ്മല കുമാരൻ നായർ എന്നിവരെയും കേസിൽ പ്രതി ചേർത്തു. കസ്റ്റഡയിൽ ഇരിക്കവേ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു ഗ്രീഷ്മ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കേസിൽ 2024 ഒക്ടോബർ 15ന് ആരംഭിച്ച വിചാരണ 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷന്‍ ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൊലപാതകം നടത്തിയ ദിവസം രാവിലെ വിഷത്തിൻ്റെ പ്രവര്‍ത്തനരീതിയെ കുറിച്ച് ഗ്രീഷ്മ ഇൻ്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഇത് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.