5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sharon Murder Case: കഷായത്തിൽ കീടനാശിനി നൽകി കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി ഇന്ന്

Parassala Sharon Murder Case Verdict: കേസിൽ 2024 ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ അവസാനിച്ചത് 2025 ജനുവരി മൂന്നിനാണ്. ആകെ 95 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Sharon Murder Case: കഷായത്തിൽ കീടനാശിനി നൽകി കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി ഇന്ന്
ഷാരോൺ, ഗ്രീഷ്മImage Credit source: Social Media
nandha-das
Nandha Das | Published: 17 Jan 2025 07:42 AM

തിരുവനന്തപുരം: കേരളത്തെ ഒട്ടാകെ നടുക്കിയ പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. ഷാരോണിനെ സ്നേഹം നടിച്ച് വിളിച്ചു വരുത്തി കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി എന്നതാണ് കേസ്. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാർ നായർ എന്നിവർ ഗൂഢാലോചന കേസിൽ പ്രതികൾ ആണ്. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എംഎം ബഷീറാണ് വിധി പറയുന്നത്.

കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിച്ചതാണ് രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവിനും അമ്മാവൻ നിർമല കുമാരൻ നായർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. 2022 ഒക്ടോബർ 14-ന് കളനാശിനി കലർന്ന കഷായം കുടിച്ച ഷാരോൺ 11 ദിവസം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെടുന്നത്. കിഡ്‌നി, ലിവർ ഉൾപ്പടെയുള്ള ആന്തരികാവയവങ്ങൾ നശിച്ചായിരുന്നു മരണം.

ഷാരോണും പ്രതി ഗ്രീഷ്മയും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ അതിക്രൂര കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രാവിലെ ഏകദേശം പത്തരയോടെ വീട്ടിൽ എത്തിയ ഷാരോൺ അരമണിക്കൂറോളം അവിടെ ഉണ്ടായിരുന്നു. അതിനിടെ ആണ് ഗ്രീഷ്മ കളനാശിനി കലർത്തിയ കഷായം ഷാരോണിന് നൽകുന്നത്. അപ്പോൾ മുതൽ ശർദിച്ച് തുടങ്ങിയ ഷാരോൺ അടുത്ത 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് മരണപ്പെടുകയായിരുന്നു.

ഒരേ ബസിൽ കോളേജിലേക്കുള്ള യാത്രയിലാണ് ഷാരോണും ഗ്രീഷ്മയും പ്രണത്തിലാവുന്നത്. അതിനിടെ ആരും അറിയാതെ ഇരുവരും വെട്ടുകാട് പള്ളിയിൽ എത്തി മാലയും കുങ്കുമവും ചാർത്തി വിവാഹിതരായി. എന്നാൽ നാഗർകോവിൽ സ്വദേശിയായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മയുടെ ശ്രമം. രണ്ടു വ്യത്യസ്ത മതക്കാർ തമ്മിലുള്ള വിവാഹത്തിലെ പ്രശ്നങ്ങൾ പറഞ്ഞെങ്കിലും ഷാരോൺ അത് കാര്യമാക്കാതെ വന്നതോടെ ജാതകദോഷം എന്ന് പറഞ്ഞു ഒരു കള്ളക്കഥ ഉണ്ടാക്കി. ജാതക പ്രകാരം തന്റെ ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് പറഞ്ഞു പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും പരാചയപ്പെട്ടു. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഇതിന് ശേഷം ഏകദേശം രണ്ടു മാസത്തെ ഇടവേള ഉണ്ടായിരുന്നു. ഇതിനിടെ അമ്മാവൻ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കളനാശിനി കുടിച്ചാൽ മനുഷ്യൻ മരിക്കുമെന്ന് ഗൂഗിൾ നോക്കി ഗ്രീഷ്മ മനസിലാക്കി. അങ്ങിനെയാണ് പ്രണയം നടിച്ച് ഷാരോണിനെ വിളിച്ചു വരുത്തി കയ്പ്പുള്ള കഷായം കുടിക്കുമോ എന്ന ചലഞ്ചിലൂടെ ഷാരോണിന് വിഷകഷായം നൽകിയത്. തുടർന്നും ഷാരോണിന്റെ ജീവൻ നഷ്ടമാകുന്നത് വരെ ഗ്രീഷ്‌മ പ്രണയം അഭിനയം തുടർന്നു.

കേസിൽ 2024 ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ അവസാനിച്ചത് 2025 ജനുവരി മൂന്നിനാണ്. ആകെ 95 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22-ാം വയസിലാണ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ കൃത്യം നടത്തിയത്. പ്രോസിക്യൂഷന്‍ ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൊലപാതകം നടത്തിയ ദിവസം രാവിലെ വിഷത്തിൻ്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ ഇൻ്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഇതാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്.