Pappanamcode Fire : വൈഷ്ണയ്ക്കൊപ്പം മരിച്ചത് രണ്ടാം ഭർത്താവ് ബിനു? കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു
വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷൂറൻസ് ഏജൻസി ഓഫീസിൽ ദുരൂഹസാഹചര്യത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാൾ വൈഷ്ണയുടെ രണ്ടാമത്തെ ഭർത്താവ് ബിനുവാണെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
ഓട്ടോറിക്ഷയിൽ നിന്ന് തോൾസഞ്ചി തൂക്കി വൈഷ്ണയുടെ ഓഫീസിനു സമീപം ബിനു വന്നിറങ്ങുന്നത് സിസിടിവിയിൽ കാണാം. തോള്‍സഞ്ചിയില്‍ മണ്ണെണ്ണ കാനുമായാണ് ഇയാൾ ഇവിടെയെത്തിയതെന്നാണ് നിഗമനം. തുടർന്ന് യുവതിയെ അപായപ്പെടുത്തിയതിനു ശേഷം ബിനു സ്ഥാപനത്തിന് തീയിട്ടതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം മുൻപും ബിനു ഇൻഷൂറൻസ് ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി വൈഷ്ണ പോലീസിനു പരാതി നൽകിയിരുന്നു. തുടർന്ന് വൈഷ്ണയാണ് മരിച്ചവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞതു മുതൽ പോലീസ് ബിനുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെ പറ്റി ഒരുവിവരവും ലഭിച്ചിരുന്നില്ല.
ഇതിനു പിന്നാലെ മരിച്ച ഒരാൾ പുരുഷനാണെന്ന് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി. ഇതോടെ ബിനുവാണിതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയാണ്. എന്നാൽ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ ബിനുവാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഓഫീസിനകത്ത് തീപ്പിടിത്തം ഉണ്ടായത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. ഓഫീസ് പ്രവർത്തിക്കുന്ന മുറിക്കുള്ളിൽനിന്ന് പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് ഓടികൂടിയ നാട്ടുകാർ അരമണിക്കൂറുകൊണ്ട് തീ കെടുത്തിയെങ്കിലും രണ്ട് പേരും പൂർണമായും വെന്തു മരിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷമാണ് വൈഷ്ണയോടൊപ്പം പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനു കുമാര്‍ താമസം ആരംഭിക്കുന്നത്. എന്നാൽ പതിവായി ബിനു ഉപദ്രവിക്കുന്നതോടെ ഇരുവരും അകന്നുകഴിയുകയായിരുന്നു. സംഭവത്തിൽ നേമം പൊലീസ് കേസെടുത്തു.
പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കുളത്തിന് സമീപത്തെ വാടകവീട്ടിലാണ് നാല് വർഷമായി വൈഷ്ണ താമസിക്കുന്നത്. അമ്മയ്ജ്മ് മക്കളും സഹോദരൻ വിഷ്ണുവും ഇതേ വീട്ടിലാണുള്ളത്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്റ് ബിമണി നടത്തിയിരുന്ന ഓഫീസാണ് തീപിടുത്തത്തിൽ നശിച്ചത്. ഇവിടെ ഏഴ് വർഷം മുൻപാണ് വൈഷ്ണ ജോലിക്ക് കയറിയത്. രണ്ട് മക്കളുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും.