5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pantheerankavu Domestic Violence: പന്തീരങ്കാവ് ഗാര്‍ഹികപീഡനം; രാഹുലിനെതിരായ ആരോപണങ്ങളെല്ലാം കളവെന്ന് യുവതി; വീഡിയോ

Pantheerankavu Domestic Violence Case: നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കേസില്‍ പ്രതിയായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം ശ്രമം നടത്തുന്നതിനിടെയാണ് യുവതിയുടെ മൊഴിമാറ്റം.

Pantheerankavu Domestic Violence: പന്തീരങ്കാവ് ഗാര്‍ഹികപീഡനം; രാഹുലിനെതിരായ ആരോപണങ്ങളെല്ലാം കളവെന്ന് യുവതി; വീഡിയോ
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതിയായിരുന്ന രാഹുല്‍ (Image Credits: Social Media)
shiji-mk
Shiji M K | Updated On: 10 Jun 2024 18:29 PM

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ മലക്കം മറിഞ്ഞ് വധു. രാഹുലിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് യുവതി പിന്മാറി. തന്നെ ആരും അടിച്ചിട്ടില്ലെന്നും രാഹുലിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞ് യുവതി ക്ഷമാപണം നടത്തി. സമൂഹമാധ്യമത്തിലൂടെയാണ് യുവതി ക്ഷമാപണം നടത്തിയിരിക്കുന്നത്.

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കേസില്‍ പ്രതിയായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം ശ്രമം നടത്തുന്നതിനിടെയാണ് യുവതിയുടെ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണങ്ങളെല്ലാം വീട്ടുകാരുടെ പ്രേരണ മൂലമാണെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, തന്റെ മകള്‍ രാഹുലിന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും അവര്‍ അവളെ കൊണ്ട് നിര്‍ബന്ധിച്ച് ഇങ്ങനെ പറയിപ്പിക്കുന്നതാണെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.

അതേസമയം, കേസില്‍ രാഹുലിനെതിരെ വധു നല്‍കിയ പരാതിയില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനപീഡന വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. പ്രതിപക്ഷ നേതാവും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ള ആളുകള്‍ യുവതിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്.

യുവതി പറഞ്ഞത് ഇപ്രകാരം

പൊലീസിന്റെ മുമ്പിലും മാധ്യമങ്ങളോടും എനിക്ക് നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് ഞാന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വെച്ചുകൊടുത്തു. ഇങ്ങനെ ചെയ്യാന്‍ താത്പര്യമില്ലെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മര്‍ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്.

ഈ വിഷയത്തില്‍ എന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നില്‍ക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് എന്നെ ബ്രെയ്ന്‍ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് കുറേ നുണകള്‍ പറഞ്ഞത്. ഞാന്‍ ഇന്ന് രാഹുലേട്ടനെ മിസ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുന്‍പ് തന്നെ നേരത്തെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ കാര്യം രാഹുലേട്ടന്‍ എന്നോട് പറഞ്ഞിരുന്നു.

കല്യാണത്തിന് മുന്‍പ് ഡിവോഴ്‌സ് കിട്ടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അത് സംഭവിച്ചില്ല. ആ ഘട്ടത്തില്‍ വിവാഹം മാറ്റിവെക്കാന്‍ രാഹുലേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞാനാണ് വിവാഹവുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിച്ചത്. അച്ഛനോടും അമ്മയോടും ഇക്കാര്യം പറയാന്‍ അന്ന് തന്നെ രാഹുലേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുലേട്ടന്‍ വിവാഹത്തെ കുറിച്ച് പറഞ്ഞാല്‍ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഭയന്ന് താനന്ന് പറഞ്ഞില്ല. മെയ് അഞ്ചിനായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന്റെ ഒരു ഘട്ടത്തിലും അവര്‍ സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീല് പറഞ്ഞിട്ടാണ് 150 പവന്‍ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്റെ ചെലവ് മിക്കതും രാഹുലേട്ടനാണ് നോക്കിയത്. എന്റെ എല്ലാ വസ്ത്രങ്ങളും രാഹുലേട്ടനാണ് വാങ്ങിത്തന്നത്.

രാഹുലേട്ടന്‍ എന്നെ തല്ലി എന്നുപറയുന്നത് സത്യമാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരിലാണ് എന്നെ തല്ലിയത്. രണ്ട് തവണ തല്ലിയിട്ടുണ്ട്. അന്ന് ഞാന്‍ കരഞ്ഞ് ബാത്ത്റൂമിലേക്ക് പോയി. അവിടെ വെച്ച് വീണു. തലയിടിച്ച് വീണതുകൊണ്ട് മുഴ വന്നു. അന്ന് തന്നെ ആശുപത്രിയില്‍ പോയിരുന്നു. കാര്യങ്ങളെല്ലാം ആശുപത്രിയില്‍ ഡോക്ടറോട് സംസാരിക്കുകയും ചെയ്തു.

എനിക്ക് മാട്രിമോണിയില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണം. തെറ്റ് തന്റെ ഭാഗത്ത് തന്നെയാണ്. തന്നെ രണ്ട് അടി അടിച്ചത് ശരിയാണ്. എന്നാല്‍ ആരോപണങ്ങളെല്ലാം തെറ്റാണെന്നും യുവതി പറയുന്നു. അടി നടന്നതിന്റെ പിറ്റേ ദിവസമാണ് അടുക്കള കാണല്‍ ചടങ്ങിന് എന്റെ വീട്ടില്‍ നിന്ന് 26 പേര്‍ വന്നത്. അപ്പോഴേക്കും ഞങ്ങള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു. മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അടിച്ചെന്ന് പറഞ്ഞു. അന്ന് തന്നെ വീട്ടുകാര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ബലംപ്രയോഗിച്ചാണ് കൊണ്ടുപോയതും. പൊലീസ് സ്റ്റേഷനില്‍ പോയി വീട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസുകാരനോട് രാഹുലേട്ടന്റെ കൂടെ തിരികെ പോകണം എന്നാണ് ഞാന്‍ പറഞ്ഞത്.