5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pantheerankavu Case: പന്തീരങ്കാവ് കേസ്; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തുക. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

Pantheerankavu Case: പന്തീരങ്കാവ് കേസ്; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും
പന്തീരങ്കാവ് കേസിൽ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും
neethu-vijayan
Neethu Vijayan | Updated On: 18 May 2024 11:19 AM

കോഴിക്കോട്: പന്തീരങ്കാവിലെ ഗാർഹിക പീഡനക്കേസിൽ ഭർത്താവ് രാഹുൽ പി ഗോപാലിൻ്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തുക.

യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. രാഹുലിൻ്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും ഇതുവരെ ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.

രാഹുൽ ജർമ്മനിയിലേക്ക് കടന്നതായി വധുവിൻ്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ജർമ്മനിയിൽ എത്തിയത് സംബന്ധിച്ച് ഇൻ്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേസമയം, രാഹുലിനു ജർമ്മൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നും പോലീസ് കണ്ടെത്തി.

രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. നടപടിയുണ്ടാകാതിരുന്നതോടെ 14ന് രാഹുൽ ഒളിവിൽപോയി. ബാംഗളൂർ വഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. താൻ രാജ്യം വിട്ടതായി വീഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

പന്തീരങ്കാവിലെ ഗാർഹിക പീഡനക്കേസ് പ്രതി വേറെയും വിവാഹം കഴിച്ചിരുന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വിഷയം ഉന്നയിച്ച് രാഹുലിനെതിരെ ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.

ഇവരുമായി നേരത്തെ രാഹുലിൻ്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇത് നിലനിൽക്കെയാണ് ഇയാൾ വീണ്ടും വിവാഹം കഴിച്ചതെന്നും യുവതി പരാതിയിൽ പറഞ്ഞു.

രാഹുലിൻ്റെ വിവാഹം നടന്നുവെന്ന് അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. വേറെയും യുവതികൾ ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. രാഹുലുമായി വിവാഹം കഴിഞ്ഞ യുവതികൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എല്ലാവരും വിവാഹ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

മകന്റെ വിവാഹം നേരത്തെ നടന്നതായി അമ്മ സമ്മതിച്ചിരുന്നു. കോട്ടയത്തുള്ള പെൺകുട്ടിയുമായി വിവാഹ രജിസ്‌ട്രേഷൻ നടത്തുകയും പിന്നീട് ഇരുവരും ഒരുമിച്ച് ബാംഗ്ലൂരിൽ താമസിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.

എന്നാൽ അതിന് ശേഷം ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം മകൻ പെൺകുട്ടിയെ മർദിച്ചിരുന്നുവെന്നും അമ്മ സമ്മതിച്ചിട്ടുണ്ട്.

അതേസമയം പന്തീരങ്കാവ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഫറോക്ക് എസിപി സാജു കെ എബ്രാഹിനാണ് അന്വേഷണത്തിൻ്റെ ചുമതല. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

പന്തീരങ്കാവ് പൊലീസിൻ്റെ അന്വേഷണത്തിലെ വീഴ്ച പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശമുണ്ട്. എഡിജിപി എംആർ അജിത് കുമാറാണ് പൊലീസ് വീഴ്ച അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുള്ളത്.