Pantheerankavu Domestic Violence Case: രാഹുല്‍ വേറെയും വിവാഹം കഴിച്ചു; പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വഴിത്തിരിവ്
പന്തീരങ്കാവ് എസ്എച്ച്ഒ സരിന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് നേരത്തെ കേസ് അന്വേഷിച്ചത്. ഇവരെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട്: പന്തീരങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ് പ്രതി വേറെയും വിവാഹം കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഈ വിഷയം ഉന്നയിച്ച് രാഹുലിനെതിരെ ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുമായി നേരത്തെ രാഹുലിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇത് നിലനില്‍ക്കെയാണ് ഇയാള്‍ വീണ്ടും വിവാഹം കഴിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.
രാഹുലിന്റെ വിവാഹം നടന്നുവെന്ന് അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും യുവതി പറയുന്നുണ്ട്. വേറെയും യുവതികള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. രാഹുലുമായി വിവാഹം കഴിഞ്ഞ യുവതികള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എല്ലാവരും വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഫറോക്ക് എസിപി സാജു കെ എബ്രാഹിനാണ് അന്വേഷണ ചുമതല. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. പന്തീരങ്കാവ് പൊലീസിന്റെ അന്വേഷണത്തിന്റെ വീഴ്ച അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശമുണ്ട്. എഡിജിപി എംആര്‍ അജിത് കുമാറാണ് പൊലീസ് വീഴ്ച അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പന്തീരങ്കാവ് എസ്എച്ച്ഒ സരിന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് നേരത്തെ കേസ് അന്വേഷിച്ചത്. ഇവരെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ രാഹുലിന്റെ അമ്മ ആക്ഷേപിച്ചു. പെണ്‍കുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നുവെന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെണ്‍കുട്ടി ഈ ബന്ധം തുടര്‍ന്നതാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നത്തിന് കാരണമായത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്‌നങ്ങള്‍ക്ക് കാരണമായും അമ്മ പറയുന്നുണ്ട്.
എന്നും യുവതിയുടെ ഫോണിലേക്ക് കോളുകളും മെസേജുകളും വരുമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി അതിന് തയാറായില്ല. അതോടെ പ്രശ്‌നം ഉടലെടുത്തു. സ്ത്രീധനം ചോദിച്ചിട്ടില്ല. സംഭവം നടന്ന ദിവസം വൈകുന്നേരം ഒരു കല്യാണത്തിന് പോയി വന്ന ശേഷം ഇരുവരും ബീച്ചില്‍ പോയി. തിരികെ വന്നപ്പോഴാണ് പെണ്‍കുട്ടിയുടെ ഫോണില്‍ വന്ന മെസേജുകളെ കുറിച്ച് പ്രശ്‌നം ഉണ്ടാകുന്നത്. സംഭവം നടന്ന സമയത്ത് പെണ്‍കുട്ടിയും രാഹുലും മദ്യപിച്ചിരുന്നുവെന്നുമാണ് രാഹുലിന്റെ അമ്മ പറയുന്നത്.
എന്നാല്‍ മകന്റെ വിവാഹം നേരച്ചെ നടന്നതായി അമ്മ സമ്മതിച്ചു. കോട്ടയത്തുള്ള പെണ്‍കുട്ടിയുമായി വിവാഹ രജിസ്‌ട്രേഷന്‍ നടത്തുകയും പിന്നീട് ഇരുവരും ഒരുമിച്ച് ബാംഗ്ലൂരില്‍ താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ആ ബന്ധം വേണ്ടയെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം മകന്‍ പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും അമ്മ സമ്മതിച്ചു.
നിലവില്‍ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമെതിരെയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, കേസ് എടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പൊലീസ് വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസ് എറണാകുളത്തേക്ക് മാറ്റണെന്നും അദ്ദേഹം പറഞ്ഞു.
പറവൂര്‍ സ്വദേശിയായ യുവതിയുമായി ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്റെ വിവാഹം നടന്നത്. അടുക്കള കാണല്‍ ചടങ്ങിന് യുവതിയുടെ ബന്ധുക്കള്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ ക്രൂരമായ പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്.
വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ വളരെ സ്‌നേഹത്തോടെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. 11ന് രാവിലെ രാഹുലും അമ്മയും ഇരുന്ന് കുറേനേരം സംസാരിച്ചിരുന്നു. പിന്നീട് രാഹുല്‍ യുവതിക്കൊപ്പം ബീച്ചിലേക്ക് പോയി അവിടെ വെച്ച് സ്ത്രീധനത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വീട്ടില്‍ തിരിച്ചെത്തിയ ശേഷം രാഹുല്‍ പുറത്തേക്ക് പോയി വന്നത് മദ്യപിച്ചാണ്. എന്നിട്ട് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
150ല പവന്‍ സ്വര്‍ണവും കാറും കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. വീടിന്റെ മുകളില്‍ വെച്ചാണ് മര്‍ദിച്ചത്. ആദ്യം കരണത്തടിച്ചു പിന്നീട് മുഷ്ടികൊണ്ട് തലക്കടിച്ചു, നെറ്റിയിലും ഇടിച്ചു. ചാര്‍ജറിന്റെ കേബിള്‍ വെച്ച് കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ടിട്ടും വീട്ടിലുള്ളവര്‍ ഇടപെട്ടില്ലെന്നും യുവതി പറയുന്നു.