Pantheerankavu Case: പന്തീരങ്കാവ് കേസ്; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ
ഗാർഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിർണായക വിവരങ്ങളും ശരത് ലാൽ ചോർത്തി നൽകിയെന്നാണ് റിപ്പോർട്ട്.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാലിനെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെതിരെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.
ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി പൂർത്തിയാക്കിയിരുന്നു. പ്രതി രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സംഭവ ദിവസം സിപിഒ ശരത് ലാൽ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലുള്ള ആളായിരുന്നു. വധശ്രമ കുറ്റം ചുമത്താനുള്ള നീക്കം അടക്കം ഇയാൾ രാഹുലിനെ അറിയിച്ചു.
ഗാർഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിർണായക വിവരങ്ങളും ശരത് ലാൽ ചോർത്തി നൽകിയെന്നാണ് റിപ്പോർട്ട്. പൊലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും രാഹുലിന് ശരത് ലാൽ നിർദ്ദേശം നൽകിയിരുന്നു.
പ്രതി ശരത് ലാലിൻറെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിൻറെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം കഴിഞ്ഞ ദിവസം രാഹുൽ പി ഗോപാലിൻ്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്.
യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. രാഹുലിൻ്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും ഇതുവരെ ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.
രാഹുൽ ജർമ്മനിയിലേക്ക് കടന്നതായി വധുവിൻ്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ജർമ്മനിയിൽ എത്തിയത് സംബന്ധിച്ച് ഇൻ്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
രാഹുലിന് ജർമ്മൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നും പോലീസ് കണ്ടെത്തി.
രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. നടപടിയുണ്ടാകാതിരുന്നതോടെ 14ന് രാഹുൽ ഒളിവിൽപോയി.
ബാംഗളൂർ വഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. താൻ രാജ്യം വിട്ടതായി വീഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
പന്തീരങ്കാവിലെ ഗാർഹിക പീഡനക്കേസ് പ്രതി വേറെയും വിവാഹം കഴിച്ചിരുന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വിഷയം ഉന്നയിച്ച് രാഹുലിനെതിരെ ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.
ഇവരുമായി നേരത്തെ രാഹുലിൻ്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇത് നിലനിൽക്കെയാണ് ഇയാൾ വീണ്ടും വിവാഹം കഴിച്ചതെന്നും യുവതി പരാതിയിൽ പറഞ്ഞു.
രാഹുലിൻ്റെ വിവാഹം നടന്നുവെന്ന് അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. വേറെയും യുവതികൾ ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. രാഹുലുമായി വിവാഹം കഴിഞ്ഞ യുവതികൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എല്ലാവരും വിവാഹ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.