VHP Against Christmas Celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷം; വ്യാപക പ്രതിഷേധം, വിഎച്ച്പിയെ പരിഹസിച്ച് സന്ദീപ് വാര്യർ

Palakkad School Christmas Celebration Disturbed By VHP: പ്രതിഷേധത്തിൻ്റെ ഭാ​ഗമായി ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സംയുക്തമായാണ് കാരോൾ സംഘടിപ്പിച്ച് ഐക്യദാർഢ്യം അറിയിച്ചത്. അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വിഎച്ച്പി പ്രവർത്തകരെ രക്ഷിക്കാനാണ് ബിജെപി നേതൃത്വം ശ്രമിച്ചതെന്നും കോൺ​ഗ്രസ് നേതാവ് സന്ദീപ് വാരിയർ പറഞ്ഞു.

VHP Against Christmas Celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷം; വ്യാപക പ്രതിഷേധം, വിഎച്ച്പിയെ പരിഹസിച്ച് സന്ദീപ് വാര്യർ

അറസ്റ്റിലായവർ, കരോൾ പ്രതിഷേധം, സന്ദീപ് വാര്യർ (Image Credits: Social Media/ Facebook)

Published: 

23 Dec 2024 13:57 PM

പാലക്കാട് നല്ലേപ്പിള്ളി യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാ​ഗമായി സൗഹൃദ കാരോൾ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സംയുക്തമായാണ് കാരോൾ സംഘടിപ്പിച്ച് ഐക്യദാർഢ്യം അറിയിച്ചത്. വർഗീയ നിലപാട് എടുക്കുന്നതിൻറെ ദുരന്തം ക്രൈസ്തവ സഭ മനസിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അധ്യാപകർക്ക് പിന്തുണയറിയിച്ച് ഒട്ടേറെപേരാണ് രം​ഗത്തെത്തിയത്.

അതേസമയം അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വിഎച്ച്പി പ്രവർത്തകരെ രക്ഷിക്കാനാണ് ബിജെപി നേതൃത്വം ശ്രമിച്ചതെന്നും മുൻ ബിജെപി അം​ഗവും ഇപ്പോഴത്തെ കോൺ​ഗ്രസ് നേതാവുമായ സന്ദീപ് വാരിയർ പറഞ്ഞു. യുപി സ്കൂൾ കവാടത്തിൽ നിന്നും മാട്ടുമന്തയിലേക്ക് ഡിവൈഎഫ്ഐയും, മാട്ടുമന്തയിൽ നിന്നും സ്കൂളിലേക്ക് യൂത്ത് കോൺഗ്രസും സൗഹൃദ കാരോൾ സംഘടിപ്പിച്ചത്. ഇരുവശത്തു നിന്നുമെത്തിയ സൗഹൃദ കാരോളിൽ മധുരം നൽകിയും പരസ്പരം സ്നേഹം പങ്കിട്ടും ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും പ്രതിഷേധമറിയിച്ചു.

വിഎച്ച്പിയെ പരിഹസിച്ച് സന്ദീപ് വാര്യർ

സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പിയുടെ നടപടിയിൽ വൻ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ രം​ഗത്തെത്തി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാർ പ്രവർത്തകരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ജാമ്യം കിട്ടിയിറങ്ങിയാലുടൻ ഇവർ ക്രിസ്മസ് കേക്കുമായി ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണെന്നായിരുന്നു സന്ദീപിൻ്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാർ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക, അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുക. ഇതാണ് ബിജെപി.

സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ്.

ക്രിസ്മസ് ആഘോഷം തടഞ്ഞ് വിഎച്ച്പി

പാലക്കാട് നല്ലേപ്പിള്ളി യുപി സ്കൂളിൽ വെള്ളിയാഴ്ച്ച ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് വിഎച്ച്പി പ്രവർത്തകർ അധ്യാപകർക്ക് നേരെ ഭീഷണിയുമായി രം​ഗത്തെത്തിയത്. ആഘോഷത്തിൻ്റെ ഭാ​ഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറയുകയും ശ്രീകൃഷ്ണജയന്തിയാണ് ഇവിടെ ആഘോഷിക്കേണ്ടതെന്ന് പറയുകയും ചെയ്തതായാണ് റിപ്പോർട്ട്. എന്തിനാണ് സാന്താക്ലോസിൻ്റെ വസ്ത്രം ധരിക്കുന്നതെന്നും ഇവർ അധ്യാപകരോട് ചോദിച്ചു. സംഭവം പുറത്തറിഞ്ഞതോടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ, തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മൂന്നുപേർക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. മതത്തിൻ്റെ പേരിൽ വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുള്ള പ്രേരണയോടെയാണ് പ്രതികൾ സ്‌കൂളിൽ പ്രവേശിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുറ്റാരോപിതരായ വിഎച്ച്പി നേതാക്കൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 329 (3), 296 (ബി), 351 (2), 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Stories
Viral Video: ‘പിള്ളേരു പൊളി, പ്രൊഫസർ അതുക്കും മേലെ…’; പുഷ്പ 2 ​ഗാനത്തിന് ചുവടുവെച്ച് കുസാറ്റ് അധ്യാപിക
Life Mission : ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളുടെ വില്‍പന കാലാവധി ഉയര്‍ത്തിയത് എന്തിന് ? കാരണമറിയാം
Kerala Lottery Results : 75 ലക്ഷം ആർക്ക്? ഭാ​ഗ്യശാലി എവിടെ ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം
Palakkad School Christmas Crib Destroyed : നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ
Kalamassery Jaundice Outbreak: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം; 36 പേർക്ക് രോഗം, 2 പേരുടെ നില ​ഗുരുതരം
Supplyco Fair: സപ്ലൈകോ ക്രിസ്മസ്-ന്യൂ ഇയർ ഫെയർ; 40 ശതമാനം വിലക്കുറവ്, സബ്‌സിഡിയുള്ളവ എന്തെല്ലാം
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ