Palakkad Accident: ‘ഉമ്മ നോക്കി നിൽക്കെ ഇർഫാനയെ ലോറി വന്നിടിച്ചു’: കുഴിയിലേക്ക് വീണു എന്നെ വന്നെടുത്തത് അവളുടെ ഉമ്മയാണ്’; അജ്ന
Palakkad Panayampadam Lorry Accident: ലോറിതട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് വീണു തന്നെ ആദ്യം വന്നെടുത്തത് ഇര്‍ഫാനയുടെ ഉമ്മയാണെന്നും അഞ്ജന പറയുന്നു. ഇർഫാന അപകടത്തില്‍പ്പെടുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയായിരുന്നു അവളുടെ ഉമ്മയ്ക്ക് എന്നും അജ്‌ന പറയുന്നു.
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാട് മുഴുവൻ. എന്നും കൂടെയുണ്ടായ സുഹൃത്തക്കൾ ഇന്ന് ഇല്ലെന്നുള്ള യാഥാർത്ഥ്യം ഉൾകൊള്ളാനാകാതെ ഞെട്ടലിലാണ് അജ്ന ഷെറിനും. ലോറി വരുന്നതുകണ്ട് മറുവശത്തേക്ക് ഓടിമാറിയ അജ്ന മാത്രമാണ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബാക്കി നാലുപേര്‍ ലോറിക്കടിയിലും സമീപത്തെ ചാലിനിടയിലുമായി കുടുങ്ങിയ നിലയിലായിരുന്നു.
പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷയുടെ ആശങ്ക പങ്കുവച്ച് സമീപത്തെ കടയിൽ നിന്ന് ഐസും സിപ്പപ്പുമൊക്കെ വാങ്ങിയശേഷം നടന്നുപോകുകയായിരുന്നു അഞ്ച് പേരും. ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗിൽ വയ്ക്കാൻ അജ്നയെ ഏൽപിച്ചു. റിദ തന്റെ റൈറ്റിങ് ബോർഡും അജ്നയുടെ കൈയിൽ ഏൽപിച്ചിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു ലോറി ഇടിച്ചാണ് സിമന്‍റ് ലോറി മറിഞ്ഞത്. അഞ്ജന കുറച്ച് പുറകിലായിരുന്നു. ലോറിതട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് വീണു തന്നെ ആദ്യം വന്നെടുത്തത് ഇര്‍ഫാനയുടെ ഉമ്മയാണെന്നും അഞ്ജന പറയുന്നു. ഇർഫാന അപകടത്തില്‍പ്പെടുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയായിരുന്നു അവളുടെ ഉമ്മയ്ക്ക് എന്നും അജ്‌ന പറയുന്നു. ദന്തഡോക്ടറെ കാണാനായെത്തിയ ഇര്‍ഫാനയുടെ ഉമ്മ കുട്ടികള്‍ നടന്നുപോകുന്നത് കണ്ടിരുന്നു. അപകത്തിൽ രക്ഷിക്കാൻ എത്തിയവരിൽ ഒരാൾ അജ്‌നയോട് പേരും വിലാസവും ചോദിച്ച് വീട്ടുകാരെ വിവരമറിയിച്ചു. രക്ഷിതാക്കളെത്തി അജ്‌നയെ കൊണ്ടുപോകുകയായിരുന്നു.
Also Read : പനയമ്പാടം അപകടം; വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു; വിറങ്ങലിച്ച് വിടചൊല്ലാനൊരുങ്ങി നാട്
അതേസമയം വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. നടന്നുപോകുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു നാല് പേരും.
അപകത്തിൽപ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പോലീസിൻ്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്.