Nenmara Double Murder : നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ
Palakkad Nenmara Double Murder : നെന്‍മാറ പോത്തുണ്ടിയിലാണ് സംഭവം. മരിച്ച മകൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
പാലക്കാട് : നെന്‍മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും അയൽവാസിയായ കൊലക്കേസ് പ്രതി വെട്ടി കൊലപ്പെടുത്തി. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച സുധാകരൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമരയാണ് അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
ഇന്ന് ജനുവരി 27-ാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ കൊലപാതകം നടക്കുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ സുധാകരനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാനസിക രോഗിയുമായി പ്രതിയക്കെതിരെ നാട്ടുകാർ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
2019ലാണ് ചെന്താമര സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തുന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് അതിക്രമിച്ച് കയറി സജിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു പ്രതി. ചെന്താമരയുമായി ഭാര്യ അകന്ന് ജീവിക്കുകയാണ്. ഇതിന് കാരണം സജിതയാണെന്ന് ആരോപിച്ചാണ് ചെന്താമര കൊലപാതകം നടത്തിയത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ചെന്താമരയ്ക്ക് കോടതി ജാമ്യം അനുവദിക്കുന്നത്. തുടർന്നാണ് ആ കുടുംബത്തിലെ രണ്ട് പേരെയും കൂടി കൊലപ്പെടുത്തുന്നത്.
അതേസമയം സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ നെന്മാറ പോലീസിനെ നാട്ടുകാർ തടയുകയും ചെയ്തു. പോലീസ് ജാഗ്രത കാണിച്ചിരുന്നില്ല അതുകൊണ്ടാണ് രണ്ട് ജീവിൻ നഷ്ടമായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തുടർന്ന് നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടായി. കലക്ടർ സംഭവ സ്ഥലത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിക്കായിട്ടുള്ള അന്വേഷണം പോലീസ് ഉർജ്ജിതമാക്കി.