Palakkad Byelection 2024: പാലക്കാട് ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
Palakkad Election Campaign: നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്.
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതരഞ്ഞെടുപ്പിനുള്ള (Palakkad Byelection 2024) പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറ് മണിയോടെ അവസാനിക്കും. ഇരുപത്തിയേഴ് ദിവസം നീണ്ടുനുന്ന പ്രചാരണമാണ് (Election campaign) ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കുക. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ എന്നിവർ തമ്മിലാണ് പാലക്കാട് പോരാട്ടം നടക്കുന്നത്. മാതൃകാപെരുമാറ്റച്ചട്ടം കർശനമായി എല്ലാവരും പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര അറിയിച്ചു.
നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും ബൾക്ക് എസ്എംഎസ്/വോയിസ് മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, എക്‌സിറ്റ് പോൾ തുടങ്ങിയവ അനുവദിക്കില്ല. ലംഘിക്കുന്നവർക്ക് ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) എ പ്രകാരം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.
ഈ കാലയളവിൽ സിനിമാ ഹാളുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രദർശിപ്പിക്കാതിരിക്കാൻ തിയേറ്റർ ഉടമകളും ബൾക്ക് എസ്എംഎസ്/ ബൾക്ക് വോയിസ് മെസേജ് ആയി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ മൊബൈൽ സേവന ദാതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്‌സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സർവീസിൽ ഉൾപ്പെട്ട ജീവനക്കാർക്കുള്ള വോട്ടിങ് ഇന്ന് പൂർത്തിയാകുന്നതാണ്. നവംബർ 16, 17, 18 തീയതികളിൽ പാലക്കാട് ആർഡിഒ ക്വാർട്ടേഴ്സിലായിരുന്നു ഇവർക്കുള്ള വോട്ടെടുപ്പ് നടന്നത്.