Rahul Mamkootathil: പാല്‍, ബ്യൂട്ടിപാര്‍ലര്‍, മരുന്ന്; രാഹുലിന്റെ വരുമാന സ്രോതസുകള്‍ ഇങ്ങനെ, ആകെ സ്വത്ത്…
Palakkad By Election 2024: വ്യാഴാഴ്ചയായിരുന്നു പാലക്കാട് മണ്ഡലത്തിലെ പ്രമുഖരായ സ്ഥാനാര്‍ഥികളെല്ലാവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെ എത്ര രൂപയാണ് ഇരുവരുടെയും ആകെ ആസ്തി എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ചൂടുപിടിച്ച തെരഞ്ഞെടുപ്പ് ഓട്ടത്തിലാണ് കേരളം. മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്നുള്ളു എങ്കിലും അതിന്റെ അലയൊലികള്‍ സംസ്ഥാനത്തൊന്നാകെയുണ്ട്. വ്യാഴാഴ്ചയായിരുന്നു പാലക്കാട് മണ്ഡലത്തിലെ പ്രമുഖരായ സ്ഥാനാര്‍ഥികളെല്ലാവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെ എത്ര രൂപയാണ് ഇരുവരുടെയും ആകെ ആസ്തി എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര് രാഹുല്‍ ബി ആര്‍ എന്നാണ്. അദ്ദേഹത്തിന്റെ കൈവശം ആകെ ഉള്ള തുക 25,000 രൂപ. അമ്മയുടെ കൈവശം 10,000 രൂപയുമുണ്ട്. ഒരു പവന്റെ സ്വര്‍ണാഭരണമാണ് രാഹുലിന്റെ കയ്യിലുള്ളത്. 55,000 രൂപയാണ് ഇതിന്റെ മൂല്യം. അമ്മയുടെ കയ്യില്‍ 20 പവന്റെ സ്വര്‍ണമുണ്ട്. ആകെ സ്വത്ത് 39,36,454 രൂപയുടേതാണ്.
അടൂരില്‍ 24 ലക്ഷം രൂപ വില വരുന്ന ഭൂമിയുണ്ട് രാഹുലിന്റെ പേരില്‍. അമ്മയ്ക്കുള്ള ആകെ സ്വത്ത് 43,98,736 രൂപയാണ്. ചെറുകിട സംരംഭകന്‍ എന്ന നിലയിലാണ് രാഹുലിന്റെ വരുമാന സ്രോതസ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ വസ്ത്ര കട, മെഡിക്കല്‍ ഷോപ്പ് എന്നിവ പങ്കാളിത്തത്തില്‍ രാഹുലിനുണ്ട്. കൂടാതെ സ്വന്തമായി ജെന്‍സ് ബ്യൂട്ടി പാര്‍ലര്‍, മില്‍മയുടെ ഏജന്‍സി എന്നിവയും രാഹുലിന്റെ പേരിലുണ്ട്. ആകെ ബാധ്യത 24,21226 രൂപയാണ്. ചരിത്രത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും രാഹുലിനുണ്ട്.
സരിന്റെ സ്വത്ത് വിവരം
സരിന്റെ കൈവശം ആകെ ഉള്ളത് 5,000 രൂപയാണ്. എച്ച്ഡിഎഫ്‌സി തിരുവില്ലാമല ബ്രാഞ്ചില്‍ 17,124 രൂപയുമുണ്ട്. കൂടാതെ പത്ത് ലക്ഷത്തിന്റെ രണ്ട് എല്‍ഐസി പോളിസികളും സരിന്റെ പേരിലുണ്ട്. ആകെ 20,22,124 രൂപയുടെ സ്വത്താണ് അദ്ദേഹത്തിനുള്ളത്. വാഹനങ്ങള്‍, സ്വര്‍ണം എന്നിവയൊന്നും സരിന്റെ പേരിലില്ല. മെഡിക്കല്‍ ഡോക്ടര്‍ എന്ന നിലയിലുള്ള പെന്‍ഷനാണ് വരുമാന മാര്‍ഗമെന്ന് പറയുന്നു. ഭാര്യയുടെ കൈവശമുള്ള ആകെ സ്വത്ത് 42,19,125 രൂപയാണ്.