Palakkad Brewery Project: കഞ്ചിക്കോട് ബ്രൂവറി ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; കടുപ്പിച്ച് പ്രതിപക്ഷം; എന്താണ് ബ്രൂവറി വിവാദം
Palakkad Brewery Controversy: മന്ത്രിസഭ വിഷയം ചര്‍ച്ചചെയ്ത് 24 മണിക്കൂറിനകം തന്നെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഒയാസിസ് കമ്പനിയുടെ മേനികള്‍ എണ്ണിപ്പറഞ്ഞും, 600 കോടിയുടെ പദ്ധതിക്കെതിരെ ഉയരാവുന്ന ആരോപണങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ് ഉത്തരവിന്റെ ഉള്ളടക്കം.
പാലക്കാട്: പാലക്കാട് കഞ്ചിക്കേട് വൻ മദ്യ നിർമാണ യൂണിറ്റ് അനുവദിക്കാൻ കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായത്. കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തില്‍ എഥനോള്‍ പ്ലാന്‍റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂനിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്‍റ് എന്നിവ ആരംഭിക്കുന്നതിനാണ് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായുള്ള ഉത്തരവ് തിടുക്കത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കി. മന്ത്രിസഭ വിഷയം ചര്‍ച്ചചെയ്ത് 24 മണിക്കൂറിനകം തന്നെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഒയാസിസ് കമ്പനിയുടെ മേനികള്‍ എണ്ണിപ്പറഞ്ഞും, 600 കോടിയുടെ പദ്ധതിക്കെതിരെ ഉയരാവുന്ന ആരോപണങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ് ഉത്തരവിന്റെ ഉള്ളടക്കം. എന്നാൽ ഇതോടെ കേരളത്തിൽ ബ്രൂവറി വിഷയം ചൂടുപിടിച്ചു. ഒരുവശത്ത് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എന്നാൽ മറുവശത്ത് കടുപ്പിച്ച് പ്രതിപക്ഷവും രംഗത്തുണ്ട്. ഇതോടെ എന്താണ് ബ്രൂവറി വിവാദം എന്നാണ് ചർച്ച.
സർക്കാർ ഉത്തരവ്
സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഇതിന്റെ ചുവടുപിടിച്ചാണ് കഞ്ചിക്കോട് ബ്രൂവറി പദ്ധതിക്ക് അനുമതി നൽകിയത്. സ്പിരിറ്റ് സംസ്ഥാനത്ത് തന്നെ ഉത്‌പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഈ മാസം 15ാം തീയതിക്കാണ് ബ്രൂവറി വിഷയം സർക്കാർ മന്ത്രി സഭയോഗത്തിൽ ചർച്ച ചെയ്തത്. തുടർന്ന് ജനുവരി 16ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവും പുറപ്പെടുവിച്ചു. കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തില്‍ എഥനോള്‍ പ്ലാന്‍റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്‍റ് എന്നിവ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലെ ഓയിൽ കമ്പനികളുടെ ടെണ്ടറിൽ ഇടം നേടിയ ഏക സ്ഥാപനമായ ഒയാസിസിനാണ് ഇതിന്റെ അനുമതി ലഭിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് പഞ്ചാബ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസഥാനങ്ങളിൽ സമാന വ്യവസായങ്ങൾ ഇവർക്കുണ്ട്. 2023–24 ലെ മദ്യനയത്തിൻറെ അടിസ്ഥാനത്തിലാണ് അനുവാദം നൽകിയത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും സർക്കാരിൻറെ വരുമാനം വർധിക്കും എന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
Also Read:കേരളത്തിൽ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കും; പാലക്കാട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭ
പ്രതിപക്ഷ വാദം
മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കമ്പനി ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി ആംആദ്മി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ ആളാണെന്നും കമ്പനിക്കെതിരേ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേസെടുത്തിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.പദ്ധതി വരുന്നതോടെ പ്രദേശത്ത് അതിരൂക്ഷമായ കുടിവെള്ള ക്ഷാമവും വരള്‍ച്ചാ സാധ്യതയും അനുഭവപ്പെടുമെന്നും പ്രതിപക്ഷം ഉയർത്തുന്നു. ഇത്തരം ഒരു കമ്പനിക്ക് എന്തിനാണ് അനുമതി നൽകിയതെന്നും മദ്യ നയം മാറ്റി മദ്യ നിര്‍മാണ യൂനിറ്റിന് അനുമതി നല്‍കാന്‍ തീരുമാനിച്ച വിവരം കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. അഴിമതി നടത്താന്‍ പിണറായി വിജയന്‍ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. മദ്യ കമ്പനി തുടങ്ങാന്‍ ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയില്‍ കനമുള്ളത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി പാലക്കാട് രൂപതയും രംഗത്ത് എത്തിയിരുന്നു. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കിയത്.
സർക്കാർ വാദം
പ്രതിപക്ഷം എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്നവരാണെന്നാണ് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പറയുന്നത്. ഒരു തരത്തിലുള്ള ജല ചൂഷണവും അവിടെ നടക്കുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. ഇതിലൂടെ തൊഴിൽ അവസരമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 600 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.