Pakistani Nationals in India: പാക് പൗരത്വമുള്ളവര്‍ രാജ്യം വിടണം; നിര്‍ദേശം പിന്‍വലിക്കാനൊരുങ്ങി പോലീസ്
Police To Withdraw Notices Issued To Pak Nationals: പാക് പൗരന്മാര്‍ ലോങ് ടേം വീസയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ജില്ലയില്‍ അഞ്ച് പേര്‍ക്കായിരുന്നു പോലീസ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കി.

കോഴിക്കോട്: പാകിസ്താന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന നിര്‍ദേശം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് പോലീസ് നല്‍കിയ നോട്ടീസ് ആണ് പിന്‍വലിക്കുന്നത്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് പേര്‍ക്കായിരുന്നു കോഴിക്കോട് റൂറല്‍ പോലീസ് നോട്ടീസ് നല്‍കിയത്.
പാക് പൗരന്മാര്‍ ലോങ് ടേം വീസയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ജില്ലയില്‍ അഞ്ച് പേര്‍ക്കായിരുന്നു പോലീസ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കി.
78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായിരുന്നു നോട്ടീസ്. ഹംസയ്ക്ക് നല്‍കിയ നോട്ടീസ് പോലീസ് ഇതിനോടകം പിന്‍വലിച്ചു. മതിയായ രേഖകളില്ലാത്തതിനാല്‍ രാജ്യത്ത് നിന്ന് പോകണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.




2007 മുതലാണ് ഹംസ കേരളത്തില്‍ സ്ഥിരതാമസമാക്കിയത്. ഇയാള്‍ 1965ല്‍ പാകിസ്താനിലേക്ക് വ്യാപാര ആവശ്യത്തിനായി പോകുകയും അവിടെ ജോലി ചെയ്യുകയുമുണ്ടായി. പിന്നീട് ബംഗ്ലാദേശ് വിഭജന സമയത്താണ് പാക് പൗരത്വം സ്വീകരിച്ചത്.
2007ല്‍ ലോങ് ടേം വീസയില്‍ ഇന്ത്യയിലെത്തി. കേരളത്തിലേക്ക് എത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷ ലഭിച്ചു എന്ന മറുപടി അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹമെന്നും ഹൃദ്രോഗിയായതിനാല്‍ വീടിന് പുറത്തേക്ക് ഒറ്റക്ക് പോകാന്‍ പോലും സാധിക്കാത്ത താന്‍ എങ്ങനെ പാകിസ്താനിലേക്ക് പോകുമെന്നും ഹംസ ചോദിക്കുന്നു.
അതേസമയം, പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 104 പാകിസ്താന്‍ പൗരന്മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 45 പേര്‍ ദീര്‍ഘകാല വീസയിലും 55 പേര്‍ സന്ദര്‍ശക വീസയിലും മൂന്നുപേര്‍ ചികിത്സയ്ക്കുമായാണ് കേരളത്തിലെത്തിയത്. അനധികൃതമായെത്തിയ ഒരാള്‍ ജയിലിലുമാണ്.
മെഡിക്കല്‍ വീസയിലെത്തിയവര്‍ ഏപ്രില്‍ 29നും വിനോദസഞ്ചാര വീസയിലെത്തിയവര്‍ ഏപ്രില്‍ 27നുമുള്ളില്‍ ഇന്ത്യ വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലം നല്‍കിയിരിക്കുന്ന നിര്‍ദേശം.