Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രൻറെ സംസ്കാരം ഇന്ന്, പൊതുദർശനം ചങ്ങമ്പുഴ പാർക്കിൽ
Pahalgam Terror Attack Ramachandran Funeral: കഴിഞ്ഞ ദിവസം കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ, മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് എൻ രാമചന്ദ്രൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന തൻറെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറഞ്ഞിരുന്നു.

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻറെ സംസ്കാരം ഇന്ന് നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്ന് രാവിലെ രാമചന്ദ്രൻറെ മൃതദേഹം വീട്ടിലെത്തിക്കും. ഇന്ന് രാവിലെ ഏഴര മുതൽ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കുന്നതാണ്. 12 മണിക്ക് ഇടപ്പള്ളി പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ, മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് എൻ രാമചന്ദ്രൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന തൻറെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറഞ്ഞിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടക സ്വദേശികളായ മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ കൂട്ടത്തിലുള്ളത്.
അതേസമയം പാകിസ്താന് മുന്നറിയിപ്പുമായി വ്യോമാഭ്യാസം നടത്തി ഇന്ത്യ. ആക്രമൺ എന്ന പേരിൽ സെൻട്രൽ സെക്ടറിലായിരുന്നു അഭ്യാസം. പഞ്ചാബ് അതിർത്തി കടന്ന് കർഷകരെ സഹായിക്കാനായി പോയ ജവാനെ തടഞ്ഞുവെച്ചിരുന്നു, അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.